പശ്ചിമേഷ്യ കത്തുന്നു : നാലാം ദിനവും ആളിക്കത്തി ഇസ്രയേല്‍ ഇറാൻ സംഘര്‍ഷം, ഇറാനില്‍ മരണം 224, ഇസ്രയേലില്‍ ആകെ മരണം 13 ആയി

ടെല്‍അവീവ്: നാലാം ദിനവും ആളിക്കത്തി ഇസ്രയേല്‍ ഇറാൻ സംഘർഷം. ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം മേധാവിയെയും ഉപമേധാവിയെയും വധിച്ചുള്ള ഇസ്രയേല്‍ ആക്രമണത്തില്‍ ഞെട്ടിയിരിക്കുകയാണ് ഇറാൻ. ഇറാനില്‍ നടന്ന ആക്രമണങ്ങളില്‍ മരണം 224 ആയി. രണ്ടായിരം പേർക്ക് പരിക്കേറ്റതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ഇസ്രയേലിന്റെ തുറമുഖ നഗരമായ ഹൈഫയില്‍ വീണ്ടും ഇറാൻ മിസൈല്‍ ആക്രമണം നടത്തി.
വടക്കൻ ഇസ്രയേലിലെ വിവിധയിടങ്ങളില്‍ ഇറാൻ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈലാക്രമണത്തില്‍ അഞ്ച് യുക്രൈൻ സ്വദേശികളുള്‍പ്പെടെ 10 പേർ കൊല്ലപ്പെട്ടു. 200-ലേറെപ്പേർക്ക് പരിക്കേറ്റു. ഇസ്രയേലില്‍ ആകെ മരണം 13 ആയി. ടെല്‍ അവീവ്, ജെറുസലേം നഗരങ്ങളിലും കനത്ത ആക്രമണമുണ്ടായി. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാന്‍റെ ആക്രമണത്തില്‍ ഇസ്രയേലിലെ ബാത്ത് യാമില്‍ 61 കെട്ടിടങ്ങള്‍ തകർന്നു. 35 പേരെ കാണാതായി. പശ്ചിമേഷ്യയെ മുള്‍മുനയില്‍നിർത്തി ഇസ്രയേല്‍-ഇറാൻ യുദ്ധം രൂക്ഷമാവുകയാണ്.
ഇസ്രയേലില്‍ നിന്ന് 2300 കിലോമീറ്റർ അകലെ ഇറാന്‍റെ ഇന്ധന ടാങ്കർ വിമാനം ഇസ്രയേല്‍ വ്യോമസേന ആക്രമിച്ച് തകർത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഇതുവരെ ഭേദിച്ചതില്‍ ഏറ്റവും ദൈർഘ്യമേറിയ ലക്ഷ്യമാണത്. അതിനിടെ ടെഹ്റാന്റെ വ്യോമാതിർത്തിയുടെ നിയന്ത്രണം ഏറ്റെടുത്തതായി ഇസ്രയേല്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇനി മിസൈലുകള്‍ വിക്ഷേപിച്ചാല്‍ ടെഹ്റാൻ കത്തുമെന്നാണ് ഇസ്രയേല്‍ മുന്നറിയിപ്പെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. എന്നാല്‍ ഇസ്രയേലിന്‍റെ അവകാശവാദത്തോട് ഇറാൻ ഇനിയും പ്രതികരിച്ചിട്ടില്ല.