ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ഏതെല്ലാം രാജ്യങ്ങളില്‍ വാഹനം ഓടിക്കാം

ഏത് രാജ്യത്തെയും അടുത്തറിയാൻ ഏറ്റവും നല്ല മാർഗം റോഡ് ട്രിപ്പ് ആണെന്ന് പറയാറുണ്ട്. പക്ഷെ നമുക്ക് ഡ്രൈവ് ചെയ്യാൻ ഇഷ്ടമാണെങ്കിലും, സന്ദർശിക്കാൻ പ്ലാൻ ചെയ്യുന്ന രാജ്യത്തിന്റെ ഡ്രൈവിങ് നിയമങ്ങളെക്കുറിച്ച് നന്നായി മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്.പ്രാദേശിക നിയമങ്ങള്‍ക്ക് പുറമെ, ഏറ്റവും പ്രധാനപ്പെട്ട കാര്യം സാധുവായ ഒരു ഡ്രൈവിങ് ലൈസൻസ് കൈവശം വെക്കുക എന്നതാണ്. ലോകമെമ്ബാടുമുള്ള പല രാജ്യങ്ങളിലും നിങ്ങളുടെ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാം. ആ രാജ്യങ്ങള്‍ ഏതൊല്ലാമാണെന്ന് നോക്കാം.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക
നിങ്ങള്‍ യുണൈറ്റഡ് സ്റ്റേറ്റ്സില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ ഒരു വർഷം വരെയുള്ള കാലയളവിലേക്ക് നിങ്ങളുടെ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് അവിടെ വാഹനം ഓടിക്കാം. നിങ്ങളുടെ ലൈസൻസ് ഇംഗ്ലീഷില്‍ അച്ചടിച്ചതായിരിക്കണം. ഏതെങ്കിലും പ്രാദേശിക ഭാഷയില്‍ ആവരുത്. കൂടാതെ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ നിങ്ങളുടെ വരവിന്റെയും പോക്കിന്റെയും രേഖയുടെ തെളിവായി ഐ-94 ഫോമും നിങ്ങളുടെ കൈവശം ഉണ്ടായിരിക്കണം. അല്ലെങ്കില്‍, രാജ്യത്ത് പ്രവേശിച്ച തീയതി കാണിക്കാൻ നിങ്ങള്‍ക്ക് സിബിപി ജിഒ (CBP GO) മൊബൈല്‍ ആപ്പും ഉപയോഗിക്കാം.
കാനഡ
ഇന്ത്യയില്‍നിന്ന് ധാരാളം സന്ദർശകർ എത്തുന്ന മറ്റൊരു രാജ്യമായ കാനഡയിലും സാധുവായ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാം. എന്നാല്‍ ഇതിനുള്ള കാലയളവ് വളരെ കുറവാണ്. ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ഒരുവർഷം വാഹനം ഓടിക്കാൻ കഴിയുന്ന അമേരിക്കയില്‍നിന്ന് വ്യത്യസ്തമായി, കാനഡയില്‍ നിങ്ങള്‍ക്ക് രണ്ട് മാസത്തേക്ക് മാത്രമേ ഇത് സാധ്യമാകൂ.
യുണൈറ്റഡ് കിങ്ഡം
യുണൈറ്റഡ് കിങ്ഡത്തിലെ എല്ലാ രാജ്യങ്ങളിലും (ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയില്‍സ്, വടക്കൻ അയർലൻഡ്) നിങ്ങള്‍ ആദ്യമായി അവിടെ പ്രവേശിച്ച തീയതി മുതല്‍ ഒരു വർഷത്തേക്ക് സാധുവായ ഒരു ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാം. എന്നാല്‍, നിങ്ങള്‍ക്ക് ഓടിക്കാൻ കഴിയുന്ന വാഹനങ്ങളുടെ വിഭാഗത്തിന് നിയന്ത്രണങ്ങള്‍ ഉണ്ടാകാം. ചെറിയ കാറുകളും മോട്ടോർസൈക്കിളുകളും ഒരു തടസ്സവുമില്ലാതെ ഉപയോഗിക്കാം.
യൂറോപ്യൻ യൂണിയൻ
ചില യൂറോപ്യൻ രാജ്യങ്ങളില്‍ ആദ്യത്തെ പ്രവേശന തീയതി മുതല്‍ ഒരു നിശ്ചിത കാലയളവിലേക്ക് ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാൻ അനുവദിക്കുന്നു. ജർമ്മനി, ഇറ്റലി, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, സ്പെയിൻ, സ്വീഡൻ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ആറ് മുതല്‍ 12 മാസം വരെ കാലാവധി വ്യത്യാസപ്പെടാം. ലൈസൻസ് ഇംഗ്ലീഷ് ഭാഷയില്‍ ആയിരിക്കണമെന്നത് നിർബന്ധമാണ്. ഈ രാജ്യങ്ങളിലെല്ലാം നിങ്ങള്‍ റോഡിന്റെ വലതുവശത്തുകൂടിയാണ് ഡ്രൈവ് ചെയ്യുന്നതെന്ന് പ്രത്യേകം ഓർക്കുക.
ഓസ്ട്രേലിയയും ന്യൂസിലാൻഡും
ഓസ്ട്രേലിയയിലും ന്യൂസിലാൻഡിലും നിങ്ങള്‍ക്ക് ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാം. ഓസ്ട്രേലിയ മൂന്നുമാസം വരെ ഡ്രൈവ് ചെയ്യാൻ അനുവദിക്കുമ്ബോള്‍, ന്യൂസിലാൻഡില്‍ ആദ്യത്തെ പ്രവേശന തീയതി മുതല്‍ ഒരു വർഷത്തേക്ക് ഡ്രൈവ് ചെയ്യാം. ഈ രണ്ട് രാജ്യങ്ങളിലും ഗതാഗതം ഇന്ത്യയിലേതുപോലെ റോഡിന്റെ ഇടതുവശത്തുകൂടിയാണ്.
സിങ്കപുർ
സിങ്കപുരിലും പ്രവേശന തീയതി മുതല്‍ ഒരു വർഷത്തേക്ക് ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് സാധുവാണ്. ഈ കാലാവധിക്ക് ശേഷം, ബന്ധപ്പെട്ട അധികാരികളില്‍നിന്ന് ഒരു പ്രാദേശിക ഡ്രൈവിങ് ലൈസൻസിനായി നിങ്ങള്‍ അപേക്ഷിക്കേണ്ടിവരും. ഇവിടെയും ഗതാഗതം റോഡിന്റെ ഇടതുവശത്തുകൂടിയാണ്.
സൗദി അറേബ്യ
മിഡില്‍ ഈസ്റ്റിലെ പല രാജ്യങ്ങലില്‍നിന്നും വ്യത്യസ്ഥമായി, ഇംഗ്ലീഷില്‍ അച്ചടിച്ച ഒരു സാധുവായ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് സൗദി അറേബ്യയില്‍ വാഹനം ഓടിക്കാം. മൂന്ന് മാസത്തെ കാലയളവിലേക്കാണ് വിദേശ ലൈസൻസ് ഉപയോഗിക്കാൻ സൗദി അനുവദിക്കുന്നത്.
ഹോങ്കോങ്
ഹോങ്കോങ്ങില്‍ ഒരുവർഷത്തേക്ക് ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാൻ അനുവദിക്കുന്നുണ്ട്. ഈ കാലയളവിനുശേഷം നിങ്ങള്‍ക്ക് ഒരു പ്രാദേശിക ഡ്രൈവിങ് ലൈസൻസ് നേടേണ്ടിവരും.
അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റ് (ഐഡിപി)
ഒരു അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റ് ഉണ്ടെങ്കില്‍ തായ്ലൻഡ്, ജപ്പാൻ, യുഎഇ പോലുള്ള മറ്റ് പല രാജ്യങ്ങളിലും ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാം. എന്നാല്‍, ചൈനയും വിയറ്റ്നാമും പോലുള്ള മറ്റ് ചില രാജ്യങ്ങള്‍ ഐഡിപി അംഗീകരിക്കുന്നില്ല. അവിടെ ഡ്രൈവ് ചെയ്യാൻ ഒരു താല്‍ക്കാലിക പ്രാദേശിക ലൈസൻസിനായി അപേക്ഷിക്കണം.
ഇംഗ്ലീഷ് പ്രധാന ഭാഷയല്ലാത്ത രാജ്യങ്ങളില്‍ ഡ്രൈവ് ചെയ്യേണ്ടി വരുമ്ബോള്‍ സാധാരണയായി അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റ് പ്രയോജനകരമാകും. ഇത് അടിസ്ഥാനപരമായി നിങ്ങളുടെ ഡ്രൈവിങ് ലൈസൻസിന്റെ ഒരു തർജ്ജമയാണ്. ഈ തർജ്ജമകള്‍ ഫ്രഞ്ച്, സ്പാനിഷ്, റഷ്യൻ, അറബിക് എന്നിവയുള്‍പ്പെടെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സംസാരിക്കപ്പെടുന്ന ചില ഭാഷകളിലാണ് എഴുതിയിരിക്കുന്നത്.
പല രാജ്യങ്ങളിലും നിങ്ങള്‍ ഒരു റെന്റ് കാർ ഓടിക്കാൻ പ്ലാൻ ചെയ്യുന്നുണ്ടെങ്കില്‍, നിങ്ങളുടെ കയ്യില്‍ ഒരു അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റ് ഉണ്ടെങ്കില്‍ മാത്രമേ ഓപ്പറേറ്റർ വാഹനം കൈമാറാൻ സാധ്യതയുള്ളൂ. പല ഇന്ത്യൻ സംസ്ഥാനങ്ങളിലും ഈ പ്രക്രിയ പൂർണമായും ഓണ്‍ലൈനായി മാറിയതിനാല്‍ ഐഡിപി ലഭ്യമാക്കുന്നത് വളരെ എളുപ്പമാണ്. പാസ്പോർട്ടിന്റെ കോപ്പി മാത്രമാണ് നിങ്ങള്‍ സമർപ്പിക്കേണ്ടത്.