July 27, 2025

തല്‍ക്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ നിബന്ധനയുമായി റെയില്‍വേ

Share

 

ദില്ലി: തല്‍ക്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാൻ പുതിയ നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. യഥാർത്ഥ യാത്രക്കാർക്ക് ആവശ്യസമയത്ത് ടിക്കറ്റുകള്‍ കണ്‍ഫേം ചെയ്ത് ലഭിക്കുന്നതിന് സഹായിക്കാൻ ഇന്ത്യൻ റെയില്‍വേ ഉടൻതന്നെ ഇ-ആധാർ വെരിഫിക്കേഷൻ നടപ്പിലാക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

 

മെയ് 24 മുതല്‍ ജൂണ്‍ 2 വരെയുള്ള ഓണ്‍ലൈൻ തത്കാല്‍ ടിക്കറ്റ് ബുക്കിങ് വിശകലനം ചെയ്തപ്പോള്‍, വിൻഡോ തുറന്നതിന് ശേഷം ആദ്യ മിനിറ്റില്‍ എസി ക്ലാസ് ടിക്കറ്റുകളില്‍ ശരാശരി 5,615 എണ്ണം മാത്രമാണ് ബുക്ക് ചെയ്തത്. എന്നാല്‍, രണ്ടാം മിനിറ്റില്‍ ഇത് 22,827 ടിക്കറ്റുകളായി ഉയർന്നു. ആദ്യ 10 മിനിറ്റിനുള്ളില്‍ 62.5 ശതമാനം ടിക്കറ്റുകളും, ബാക്കിയുള്ള 37.5 ശതമാനം ടിക്കറ്റുകള്‍ വിൻഡോ തുറന്ന് 10 മിനിറ്റ് മുതല്‍ ചാർട്ട് തയ്യാറാക്കുന്നത് വരെയുമാണ് ബുക്ക് ചെയ്തത്.

 

നോണ്‍-എസി വിഭാഗങ്ങളിലും സമാനമായ പ്രവണത കണ്ടു. ആദ്യ മിനിറ്റില്‍ 4 ശതമാനം ടിക്കറ്റുകളും, രണ്ടാം മിനിറ്റില്‍ 17.5 ശതമാനം ടിക്കറ്റുകളും വിറ്റുപോയി. ആദ്യ 10 മിനിറ്റിനുള്ളില്‍ ഏകദേശം 66.4 ശതമാനം ടിക്കറ്റുകള്‍ വിറ്റുപോയപ്പോള്‍, ആദ്യ മണിക്കൂറിനുള്ളില്‍ 84.02 ശതമാനം ടിക്കറ്റുകളും വിറ്റുപോയിരുന്നു. വിൻഡോ തുറന്ന് 8 മുതല്‍ 10 മണിക്കൂറിന് ശേഷവും ഏകദേശം 12 ശതമാനം തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യപ്പെടുന്നുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

 

ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാൻ ഓട്ടോമേറ്റഡ് ടൂളുകള്‍ ഉപയോഗിക്കുന്നതിനെതിരെ റെയില്‍വേ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉപയോഗിച്ച്‌ ഒരു പ്രചാരണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ 24 ദശലക്ഷത്തിലധികം ഉപയോക്താക്കളെ റെയില്‍വേ ഇത്തരത്തില്‍ തിരിച്ചറിഞ്ഞ് ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഏകദേശം 2 ദശലക്ഷം അക്കൗണ്ടുകള്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്ത് സംശയമുള്ള അക്കൗണ്ടുകളായി അടയാളപ്പെടുത്തി. ഇവയുടെ ആധാറും മറ്റ് രേഖകളും പരിഗണിച്ചുള്ള അന്വേഷണം നടക്കുകയാണ്.

 

നിലവില്‍, ഐആർസിടിസി വെബ്സൈറ്റില്‍ 130 ദശലക്ഷത്തിലധികം വരിക്കാരുണ്ട്, അതില്‍ 12 ദശലക്ഷം മാത്രമാണ് ആധാർ വെരിഫൈ ചെയ്ത അക്കൗണ്ടുകള്‍. ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാ അക്കൗണ്ടുകള്‍ക്കും പ്രത്യേക പരിശോധന നടത്താൻ ഐആര്‍സിടിസി തീരുമാനിച്ചിട്ടുണ്ട്. സംശയകരമെന്ന് കണ്ടെത്തുന്ന അക്കൗണ്ടുകള്‍ റദ്ദ് ചെയ്യും. യഥാർത്ഥ യാത്രക്കാർക്ക് തത്കാല്‍ ടിക്കറ്റുകള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഇതിലൂടെ റെയില്‍വേ ലക്ഷ്യമിടുന്നത്.

 

പുതിയ നിയമങ്ങള്‍ ഉടൻ പ്രാബല്യത്തില്‍

 

ആധാർ വെരിഫൈ ചെയ്ത അക്കൗണ്ടുകള്‍ക്ക് മാത്രമേ ഓണ്‍ലൈൻ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാൻ അനുവാദമുള്ളൂ. ബുക്കിങ്ങിന് ആധാർ അധിഷ്ഠിത ഒടിപി ഓതൻ്റിക്കേഷൻ ആവശ്യമായി വരും. ക്രമക്കേടുകള്‍ നിയന്ത്രിക്കുന്നതിനായി കൗണ്ടർ വഴിയുള്ള തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും ആധാർ വെരിഫിക്കേഷൻ ആവശ്യമായി വന്നേക്കാം. അതിനാല്‍, നിങ്ങളുടെ IRCTC അക്കൗണ്ട് ആധാർ വഴി വേരിഫൈ ചെയ്യുന്നത് നിര്‍ബന്ധമാകും. പുതിയ സംവിധാനം ഈ മാസം അവസാനം മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.