സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് : ഇന്ന് കുറഞ്ഞത് 320 രൂപ

കേരളത്തില്‍ സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 40 രൂപയുടെ കുറവാണുണ്ടായത്. 8895 രൂപയായാണ് വില കുറഞ്ഞത്.
പവന്റെ വിലയില്‍ 320 രൂപയുടെ കുറവുണ്ടായി. 71,160 രൂപയായാണ് പവന്റെ വില കുറഞ്ഞത്. ലോകവിപണിയിലും സ്വർണവില കുറയുകയാണ്. ഒരാഴ്ചക്കിടയിലെ കുറഞ്ഞ നിരക്കിലാണ് ലോകവിപണിയില്‍ സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. സ്പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.7 ശതമാനം ഇടിവുണ്ടായി.
ഔണ്‍സിന് 3,268 ഡോളറായാണ് സ്പോട്ട് ഗോള്‍ഡിന്റെ വില കുറഞ്ഞത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചർ നിരക്ക് 0.1 ശതമാനം ഇടിഞ്ഞ് 3,265 ഡോളറായാണ് കുറഞ്ഞത്. ഡോണാള്‍ഡ് ട്രംപ് വിവിധ രാജ്യങ്ങള്‍ക്കുമേല്‍ ഏർപ്പെടുത്തിയ തീരുവ യു.എസ് ഫെഡറല്‍ കോടതി റദ്ദാക്കിയിരുന്നു. വരും ദിവസങ്ങളില്‍ ഇതാവും സ്വർണവിലയില്‍ വൻ സ്വാധീനം ചെലുത്തുക.
ഫെഡറല്‍ കോടതി ഉത്തരവിന് സ്റ്റേ വന്നില്ലെങ്കില്‍ ആഗോള വിപണിയില്‍ മഞ്ഞലോഹത്തിന് പ്രിയം കുറയുമെന്നാണ് റിപ്പോർട്ട്. വരും ദിവസങ്ങളിലെ ട്രംപിന്റെ താരിഫ് നടപടികളും യു.എസ് ഫെഡറല്‍ റിസർവ് പലിശനിരക്ക് കുറക്കാനുള്ള സാധ്യതകളും സ്വർണത്തിന്റെ വിലയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തുന്നത്.