മഴക്കാലപ്പൂര്‍വ്വ രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം : ആരോഗ്യ വകുപ്പ്

മാനന്തവാടി : മഴക്കാലപ്പൂര്‍വ്വ രോഗങ്ങള്‍ക്കെതിരെ ജാഗ്രതയുമായി ആരോഗ്യ വകുപ്പ്. ഡെങ്കിപ്പനി, എലിപ്പനി, വയറിളക്കം, കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായ പ്രവര്‍ത്തനം വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
ചെള്ള് പനി (സ്‌ക്രബ് ടൈഫസ്), എച്ച്1എന്‍1 (പന്നിപ്പനി), സാധാരണ പനി, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവ മഴക്കാലങ്ങളില്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത് തടയാന്‍ വീട്ടിലും സ്ഥാപനങ്ങളുടെ പരിസരത്തും വലിച്ചെറിയുന്ന പാത്രങ്ങള്‍, കുപ്പികള്‍, ചിരട്ടകള്‍, വീടിന്റെ സണ്‍ഡെയ്ഡുകള്‍, വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള പ്രതലങ്ങളില്‍, ടയറുകള്‍, ചെടിച്ചട്ടികള്‍, പ്ലാസ്റ്റിക് വസ്തുക്കള്‍, മുട്ടത്തോട്, മറ്റ് പാഴ്‌വസ്തുക്കളില്‍ വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം.
ഇന്‍ഡോര്‍ ചെടികള്‍, ഫ്രിഡ്ജിന്റെ ട്രേ, മേല്‍ക്കൂരകള്‍, ടാങ്കുകള്‍ തുടങ്ങിയവയും പരിശോധിച്ചു വൃത്തിയാക്കണം. ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കുന്നത് കൊതുക് നശീകരണത്തിന് ഏറെ സഹായിക്കും. സ്‌കൂളുകളില്‍ വെള്ളിയാഴ്ചയും സ്ഥാപനങ്ങളില്‍ ശനിയാഴ്ചയും വീടുകളില്‍ ഞായറാഴ്ചയും ഡ്രൈ ഡേ ആചരിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.
വയലുകള്‍, തോടുകള്‍, മലിനജലത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് എലിപ്പനി പകരാന്‍ സാധ്യതയുള്ളതിനാല്‍ ഡോക്‌സിസൈക്ലിന്‍ പ്രതിരോധ മരുന്നുകള്‍ മുന്‍കൂട്ടി കഴിക്കാന്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ജലസ്രോതസ്സുകള്‍ മലിനമാകാന്‍ സാധ്യതയുള്ളതിനാല്‍ വയറിളക്കം, ടൈഫോയ്ഡ്, കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങള്‍ തടയാന്‍ തിളപ്പിച്ചാറിയ വെള്ളം കുടിക്കണം.
കുടിവെള്ള സ്രോതസ്സുകള്‍ മലിനമാകാതെ സംരക്ഷിച്ച് കിണര്‍, ജലസ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യണം. പാകം ചെയ്ത് ഭക്ഷണത്തില്‍ ശുചിത്വം പാലിക്കുക. രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്വയം ചികിത്സിക്കാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി വിദഗ്ദ്ധ ചികിത്സ നേടണം.