May 15, 2025

മുസ്ലിംലീഗ് ദേശീയ നേതൃത്വത്തില്‍ ഇതാദ്യമായി വനിതകളും ; വയനാട്ടുകാരിയായ ജയന്തി രാജൻ അസിസ്റ്റന്റ് സെക്രട്ടറി

Share

 

ഡല്‍ഹി : മുസ്ലിം ലീഗ് ദേശീയ നേതൃത്വത്തില്‍ വനിതകളെയും ഉള്‍പ്പെടുത്തി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രൊഫസര്‍ ഖാദര്‍ മൊയ്തീന്‍ ദേശീയ അധ്യക്ഷനായും പി കെ കുഞ്ഞാലിക്കുട്ടി ജനറല്‍ സെക്രട്ടറിയായും തുടരും.പി വി അബ്ദുള്‍ വഹാബ് എംപിയാണ് ട്രഷറര്‍.

 

 

ദേശീയ കമ്മിറ്റിയില്‍ രണ്ട് വനിതകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. വനിത ലീഗ് ദേശീയ പ്രസിഡന്റായിരുന്ന ചെന്നൈയില്‍ നിന്നുള്ള ഫാത്തിമ മുസഫര്‍, വനിത ലീഗ് ദേശീയ സെക്രട്ടറിയായിരുന്ന വയനാട് നിന്നുള്ള ജയന്തി രാജന്‍ എന്നിവരാണ് ദേശീയ കമ്മിറ്റിയില്‍ ഇടംനേടിയത്. ദലിത് വിഭാഗത്തില്‍പ്പെട്ട, വയനാട് ഇരുളം സ്വദേശിയായ ജയന്തി നിലവില്‍ വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റാണ്

 

ജയന്തി രാജനെയും ഫാത്തിമയെയും ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരായാണ് നിയമിച്ചിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ദേശീയ കമ്മിറ്റിയില്‍ വനിതാ പ്രാതിനിധ്യം ഉണ്ടാകുന്നത്. പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും, നാഷണല്‍ ഓര്‍ഗനൈസിങ് സെക്രട്ടറിയായി ഇ ടി മുഹമ്മദ് ബഷീറിനെയും തെരഞ്ഞെടുത്തിട്ടുണ്ട്.

 

 

അബ്ദുസമദ് സമദാനി സീനിയര്‍ വൈസ് പ്രസിഡന്റാണ്. കെപിഎ മജീദ് എംഎല്‍എ, കെ സൈനുള്‍ ആബിദിന്‍ എന്നിവര്‍ കേരളത്തില്‍ നിന്നും വൈസ് പ്രസിഡന്റായി നിയമിതരായിട്ടുണ്ട്. മുനവറലി ശിഹാബ് തങ്ങള്‍, അഡ്വ. ഹാരിസ് ബീരാന്‍, സി കെ സുബൈര്‍ എന്നിവര്‍ കേരളത്തില്‍ നിന്നും ദേശീയ സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

 

ആരാണ് ജയന്തി രാജൻ

 

വയനാട് ജില്ലയിലെ ഇരുളം പഞ്ചായത്ത് അംഗമായി 2010ല്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് ജയന്തിരാജൻ എന്ന പേര് ഉയർന്നു വരുന്നത്. വയനാട് ജില്ലയില്‍ 2008 മുതല്‍ മുസ്ലീം ലീഗുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജയന്തി രാജൻ സ്ഥാനാ‍ർത്ഥിയാകാൻ വേണ്ടി ലീഗിലെത്തിയതോ, സ്ഥാനാ‍ർത്ഥിയെ തേടി ലീഗ് ജയന്തിയെ പാർട്ടിയിലെടുത്തതോ അല്ല. സാമൂഹിക സേവന പ്രവ‍ർത്തകയായിരുന്ന ജയന്തി രാജൻ, സുല്‍ത്താൻ ബത്തേരിയില്‍ മലങ്കര ഓർത്തോഡക്സ് സഭ നടത്തിയിരുന്ന ശ്രേയസ് എന്ന എൻ ജി ഒ യുടെ പ്രവർത്തനങ്ങളുമായി സഹകരിച്ചാണ് പൊതുരംഗത്തേക്ക് വരുന്നത്. 2004 മുതല്‍ 2010 വരെ ശ്രേയസുമായി ബന്ധപ്പെട്ടുള്ള മൈക്രോഫിനാൻസ് രംഗത്തെ പ്രവർത്തനങ്ങളിലായിരുന്നു സജീവം. കുടുംബപരമായി കോണ്‍ഗ്രസ് പശ്ചാത്തലത്തില്‍ നിന്നാണ് 46 കാരിയായ ജയന്തിരാജൻ മുസ്ലീം ലീഗിന്റെ ദേശീയ നേതൃത്വത്തിലേക്ക് എത്തുന്നത്.

 

“ശ്രേയസ്സുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങള്‍ക്കിടയില്‍ ഒട്ടേറെ മനുഷ്യരുടെ വിഷമം അടുത്തുനിന്നു കാണാൻ സാധിച്ചു. അതിനുള്ള പരിഹാരം കാണാൻ പലവഴികള്‍ അന്വേഷിച്ചു. നാട്ടില്‍ ലീഗ് പ്രവർത്തകർ സജീമായിരുന്നു. നാട്ടിലുള്ള പള്ളിക്കമ്മിറ്റിക്കാരും ലീഗ് പ്രവർത്തകരുമൊക്കെ ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പലവിധത്തില്‍ സഹായിച്ചു. അങ്ങനെ അവരുടെ പ്രവർത്തനങ്ങളില്‍ ഞാനും എന്റെ പ്രവർത്തനങ്ങളില്‍ അവരും പരസ്പരം സഹായിച്ചു. അങ്ങനെയാണ് ലീഗുമായി സംഘടനാപരമായ അടുപ്പമുണ്ടാകുന്നത്” ജയന്തി രാജൻ പറഞ്ഞു.

 

 

“കൂടുതല്‍ സജീവമായി ലീഗ് പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നത് 2008 മുതലാണ്. ഏതാണ്ട് ഒരു സജീവ പ്രവർത്തക തന്നെയായിരുന്നു. അങ്ങനെ നാട്ടില്‍ ശ്രേയസ് പ്രവർത്തനവും ലീഗ് പ്രവർത്തനവുമായി മുന്നോട്ട് പോകുമ്ബോഴാണ് 2010 ലെ തദ്ദേശ തിരഞ്ഞെടുപ്പ് വന്നത്. പൂതാടി പഞ്ചായത്തില്‍ എന്റെ തറവാട് വീട് ഇരിക്കുന്ന ഇരുളം വാർഡ് വനിതാ സംവരണമായിരുന്നു. സി പി എമ്മിന് ഏറെ സ്വാധീനമുളള ഇടം. ആ വാർഡില്‍ നിന്ന് മത്സരിക്കാൻ ലീഗ് നേതാക്കള്‍ എന്നോട് ആവശ്യപ്പെട്ടു. ഞാൻ മത്സരിച്ചു ജയിച്ച്‌ പഞ്ചായത്തംഗമായി. പിന്നീട് പനമരം ബ്ലോക്ക് പഞ്ചായത്തില്‍ അഞ്ചുകുന്ന് ഡിവിഷനില്‍ നിന്ന് മത്സരിച്ച്‌ ജയിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ‍ർപേഴ്സണായി. ”

 

“ലീഗിന്റെ വിവിധ പരിപാടികളില്‍ പങ്കെടുത്ത് കേരളത്തിനകത്തും തമിഴ് നാട്ടിലും കർണ്ണാടകയിലുമൊക്കെ പോയി പ്രസംഗിച്ചിട്ടുണ്ട്. പാർട്ടിയുടെ പേരിലല്ലാതെ ലീഗ് നടത്തുന്ന പരിപാടിയിലൊന്നും മതമോ പണമോ ഒന്നും തടസ്സമാകാറില്ല. എല്ലാവരെയും സഹായിക്കുക എന്നതാണ് ലീഗ് എപ്പോഴും ചെയ്യുന്നത്. ലീഗ് ബൈത്തുല്‍റഹ്മ എന്ന വീട് വച്ചുനല്‍കുന്ന പരിപാടിയാണെങ്കിലും പാലിയേറ്റീവ് കെയറാണെങ്കിലും നിങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്. അപ്പോള്‍ മനസ്സിലാകും ലീഗ് സ്വീകരിക്കുന്ന മതനിരപേക്ഷ സമീപനം. ഹിന്ദുമത വിശ്വാസിയായ ഞാൻ ഒ ഇ സി വിഭാഗത്തില്‍ നിന്നാണ് വരുന്നത്. എന്നോട് ഒരിക്കല്‍ പോലും ഒരുതരത്തിലുള്ള വിവേചനവും ലീഗ് എന്ന പാർട്ടി കാണിച്ചിട്ടില്ല”. ജയന്തി പറഞ്ഞു.

 

ഫാത്തിമ മുസഫര്‍, ജയന്തി രാജന്‍

ലീഗിന്റെ ദേശീയ അസിസ്റ്റന്റ് സെക്രട്ടറി പദവിയിലെത്തുന്നതിന് മുമ്ബ്, വനിതാ ലീഗ് ദേശീയ സെക്രട്ടറി പദവി വഹിക്കുകയായിരുന്നു. അതിന് മുമ്ബ് ദലിത് ലീഗ് ജില്ലാ, സംസ്ഥാന നേതൃ പദവികളും വഹിച്ചിട്ടുണ്ട്. ജയന്തിയുടെ കുടുംബപാരമ്ബര്യത്തിലും രാഷ്ട്രീയമുണ്ട്. അത് കോണ്‍ഗ്രസ് രാഷ്ട്രീയമാണ് എന്നേയുള്ളൂ. ചീയ്യത്ത് രാഘവൻ മേസ്തരിയുടെയും തങ്കമയുടെ മകളാണ് ജയന്തി രാജൻ. അച്ഛൻ 1970കളില്‍ തോട്ടം മേഖലയില്‍ തൊഴിലാളികളെ സംഘടിപ്പിക്കാൻ പ്രവർത്തിച്ചിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഭർത്താവ് രാജൻ കൃഷി , ബിസിനസ് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുന്നു അദ്ദേഹത്തിന്റെ അച്ഛൻ വയനാട്ടിലെ അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവായിരുന്നു. ബത്തേരിയിലെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റായിരുന്നു അദ്ദേഹം. രണ്ട് മക്കളുണ്ട് മകൻ രാജീവ് എൻജിനിയറാണ്. മകള്‍ രജ്ഞുഷ ബി ഡി എസ് വിദ്യാർത്ഥിനിയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.