വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി ഓവർസിയർ വിജിലൻസ് പിടിയിൽ

മുട്ടിൽ : പുതുതായി പണിയുന്ന വീടിന് വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട കെ.എസ്.ഇ.ബി ഓവർസിയർ പിടിയിൽ. മുട്ടിൽ കെ.എസ്.ഇ.ബി ഓഫിസിലെ ഓവർസിയർ കെ.ടി. ചെല്ലപ്പൻ ആണ് പിടിയിലായത്.
മുട്ടിൽ ഗ്രാമ പഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാണ് ഇയാൾ പിടിയിലാകുന്നത്. തൃക്കൈപ്പറ്റ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സീനിയോരിറ്റി മറികടന്ന് വൈദ്യുത കണക്ഷൻ ലഭിക്കാൻ ചെല്ലപ്പൻ പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു. കൈക്കൂലി പണം ഓവർസിയറിൽനിന്ന് കണ്ടെടുത്തു. ഡിവൈ.എസ്‌പി ഷാജി വർഗീസിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ മനോഹരൻ, എസ്.ഐ റെജി എ.എസ്.ഐ പ്രമോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.