ഗ്യാസ് സിലിണ്ടറിന് 50 ലക്ഷം രൂപ ഇൻഷുറൻസ് ലഭിക്കും : പണം കിട്ടണമെങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

ഗ്യാസ് സിലിണ്ടറുകള്‍ ഇല്ലാത്ത വീടുകള്‍ ഇന്ന് ഇല്ലെന്നുതന്നെ പറയാം. ഗ്യാസ് കണക്ഷൻ വ്യാപകമായതോടെ അതുമൂലമുള്ള അപകടങ്ങളുടെ എണ്ണവും വർദ്ധിച്ചു. മാരകങ്ങളായ അപകടങ്ങളാണ് പലപ്പോഴും ഉണ്ടാകുന്നത്. ഗ്യാസ് സിലിണ്ടർ മൂലം നിങ്ങള്‍ക്കുണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും അമ്ബതുലക്ഷം രൂപവരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നത് അധികമാർക്കും അറിയാത്ത കാര്യമാണ്. പ്രീമിയമായി നയാ പൈസ അടയ്ക്കാതെയാണ് ഇത്രയും തുക നഷ്ടപരിഹാരമായി ലഭിക്കുന്നതെന്നും അറിയണം. പക്ഷേ, ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രമേ ഇൻഷുറൻസ് പരിരക്ഷ ലഭിക്കൂ.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒരാള്‍ ഒരു ഗ്യാസ് കണക്ഷൻ എടുക്കുന്ന സമയം മുതല്‍ അയാള്‍ക്കും അയാളുടെ കുടുംബാംഗങ്ങള്‍ക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. എന്നാല്‍ അപകടത്തെത്തുടർന്ന് ഇൻഷുറൻസ് തുക ലഭിക്കണമെങ്കില്‍ നമ്മളാരും ഇതുവരെ ശ്രദ്ധിക്കാത്ത ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം സിലിണ്ടറുകളുടെ കാലാവധിയാണ്. വാങ്ങുന്ന എല്ലാ വസ്തുക്കള്‍ക്കും എക്‌സ്‌പയറി ഡേറ്റ് ഉള്ളതുപോലെ സിലിണ്ടറിനും ഇതുണ്ട്. എല്ലാ സിലിണ്ടറുകളിലും ഇത് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാവും.
റീഫില്‍ ചെയ്ത സിലിണ്ടർ വീട്ടില്‍ കൊണ്ടുവരുമ്ബോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കാലാവധി രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കില്‍ ഗ്യാസ് കൊണ്ടുവന്നയാളുടെയോ വിതരണ കമ്ബനിയുടെയോ സഹായം തേടാം. എക്‌സ്‌പയറി ഡേറ്റ് കഴിഞ്ഞ സിലിണ്ടർ ഉപയോഗിച്ചതിലൂടെയുണ്ടാവുന്ന അപകടങ്ങള്‍ക്ക് ഒരുതരത്തിലുള്ള ഇൻഷുറൻസ് പരിരക്ഷയും ലഭിക്കില്ല എന്നും അറിയുക.
കണക്ഷൻ ആരുടെ പേരിലാണെന്നതും പ്രധാനമാണ്. മറ്റൊരാളുടെ പേരിലുള്ള കണക്ഷൻ ഉപയോഗിക്കുമ്ബോഴാണ് അപകടം സംഭവിച്ചതെങ്കില്‍ നിങ്ങള്‍ക്ക് ഇൻഷുറൻസ് ലഭിക്കില്ല.
ഇൻഷുറൻസ് തുക എങ്ങനെ ലഭിക്കും?
ഗ്യാസ് സിലിണ്ടർ വഴിയുണ്ടാകുന്ന അപകടത്തില്‍ മരണം സംഭവിച്ചാല്‍ മാത്രമാണ് 50 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുക. അല്ലാതുള്ളതിന് അപകടത്തിന്റെ വ്യാപ്തിക്ക് അനുസരിച്ചായിരിക്കും ഇത് ലഭിക്കുക. അപകടം നടന്ന് മുപ്പതുദിവസത്തിനുള്ളില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലും വിതരണക്കാരെയും വിവരം അറിയിക്കണം. നഷ്ടപരിഹാരം വാങ്ങിയെടുക്കാൻ എഫ്‌ഐആറിന്റെ പകർപ്പ് ഉണ്ടാവണം. ആരെങ്കിലും മരിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍, പരിക്കേറ്റവരുടെ അവസ്ഥ, ചികിത്സാ ചെലവുകള്‍ എന്നിവയെക്കുറിച്ചുളള വ്യക്തമായ വിവരങ്ങളും നല്‍കണം.
ഇവയെല്ലാം വിലയിരുത്തിയാണ് ഇൻഷുറൻസ് കമ്ബനി നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നത്. ഈ തുക ഗ്യാസ് കമ്ബനി വിതരണക്കാരന് നല്‍കും. അവർ ഉപഭോക്താവിനും. രേഖകളെല്ലാം സമർപ്പിച്ചാല്‍ പരമാവധി ആറുമാസത്തിനുളളില്‍ പണം ലഭിക്കും.