ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി

ദില്ലി : ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ താരം വിരാട് കോലി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇത് എളുപ്പമല്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് താൻ പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരിച്ചുതന്നെന്നും കോലി പോസ്റ്റില്‍ പറഞ്ഞു. മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് പിന്നാലെയാണ് കോലിയും ടെസ്റ്റ് ക്രിക്കറ്റിന്റെ പടിയിറങ്ങുന്നത്.
ലോകകപ്പ് വിജയത്തിനുശേഷം ട്വന്റി-20 ക്രിക്കറ്റില്‍നിന്ന് വിരമിച്ച കോലി നിലവില്‍ ടെസ്റ്റിലും ഏകദിനത്തിലുമാണ് തുടരുന്നത്.
രണ്ടാഴ്ച മുമ്ബാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള സന്നദ്ധത ബിസിസിഐയെ അറിയിച്ചത്. ഇംഗ്ലണ്ട് പരമ്ബരയിലെങ്കിലും കളിക്കണമെന്ന് ബിസിസിഐ അഭ്യര്‍ത്ഥിച്ചെങ്കിലും വിരാട് കോലി ഇതിന് മറുപടി നല്‍കിയിരുന്നില്ല. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസതാരത്തെ ബന്ധപ്പെട്ട് വിരാട് കോലിയെ വിരമിക്കല്‍ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ബിസിസിഐ ശ്രമിച്ചെങ്കിലും ഇതും വിജയിച്ചില്ല. ഇതിന് പിന്നാലെയാണ് കോലി ഇന്‍സ്റ്റഗ്ലാം പോസ്റ്റിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
അടുത്ത മാസം നടക്കുന്ന ഇംഗ്ലണ്ട് പരമ്ബരയില്‍ കൂടി തുടരാന്‍ ബിസിസിഐ ആവശ്യപ്പെട്ടിരുന്നെങ്കിലും കോലി തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്ബരക്ക് പിന്നാലെ തന്നെ തന്‍റെ ടെസ്റ്റ് കരിയര്‍ അവസാനിച്ചുവെന്ന് കോലി സഹതാരങ്ങളെയും ടീം മാനേജ്മെന്‍റിനെയും അറിയിച്ചെങ്കിലും അന്നത് ആരും ഗൗരവമായി എടുത്തിരുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷമായി ടെസ്റ്റില്‍ നിറം മങ്ങിയ പ്രകടനം തുടരുന്ന കോലിയുടെ ഓഫ് സ്റ്റംപിന് പുറത്തു പോകുന്ന പന്തുകളിലെ ബലഹീനത എതിരാളികള്‍ മുതലെടുത്തിരുന്നു.
ഇന്ത്യക്കായി 123 ടെസ്റ്റുകളില്‍ കളിച്ച വിരാട് കോലി 46.85 ശരാശരിയില്‍ 9230 റണ്‍സാണ് നേടിയത്. 30 സെഞ്ചുറികളും 31 അര്‍ധസെഞ്ചുറികളുമാണ് വിരാട് കോലിയുടെ പേരിലുള്ളത്. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കിംഗ്സ്റ്റണിലാണ് കോലി ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിരമിച്ചശേഷം ബാറ്റിംഗ് ഓര്‍ഡറില്‍ നാലാം സ്ഥാനത്ത് വിരാട് കോലിയാണ് ഒരു ദശകത്തോളം ഇന്ത്യയുടെ നെടുന്തൂണായത്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിരാട് കോലിയുടെ ബാറ്റിംഗ് ശരാശരിയിലും പ്രകടനത്തിലും വലിയ ഇടിവാണ് സംഭവിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കളിച്ച 37 ടെസ്റ്റില്‍ മൂന്ന് സെഞ്ചുറികള്‍ അടക്കം1990 റണ്‍സ് മാത്രമാണ് കോലി ആകെ നേടിയത്.