കര്‍ദിനാള്‍ റോബര്‍ട്ട് പ്രേവോ പുതിയ മാര്‍പാപ്പ : ഇനി ലിയോ XIV ; യുഎസില്‍ നിന്നുള്ള ആദ്യ പോപ്പ്

വത്തിക്കാൻ സിറ്റി : ‘ഹബേമുസ് പാപ്പാം’.. ‘നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു…’സിസ്റ്റീൻ ചാപ്പലില്‍ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. 1984-ല്‍ റോമിലെ പൊന്തിഫിക്കല്‍ കോളേജ് ഓഫ് സെന്റ് തോമസ് അക്വിനാസില്‍ നിന്ന് കാനൻ നിയമത്തില്‍ ലൈസൻഷ്യേറ്റും 1987-ല്‍ കാനൻ നിയമത്തില്‍ പി.എച്ച്‌ഡിയും നേടി.
1985-1986, 1988-1998 കാലഘട്ടങ്ങളില്‍ പെറുവില്‍ ഇടവക വികാരിയായും, സെമിനാരി അധ്യാപകനായും, അഡ്മിനിസ്ട്രേറ്ററായും സേവനമനുഷ്ഠിച്ചു. 1985 മുതല്‍ 1986 വരെ ചുലുക്കാനാസിന്റെ ടെറിട്ടോറിയല്‍ പ്രെലാച്വറിന്റെ ചാൻസലറായി സേവനമനുഷ്ഠിച്ചു. 1987-ല്‍ ചിക്കാഗോയിലെ ആഗസ്റ്റീനിയൻ പ്രോവിൻസിന്റെ വൊക്കേഷൻ പാസ്റ്ററായും മിഷൻ ഡയറക്ടറായും പ്രവർത്തിച്ചു.
1988-ല്‍ അദ്ദേഹം പെറുവിലേക്ക് മടങ്ങി, അടുത്ത പത്ത് വർഷം ട്രൂജിയോയിലെ ഓഗസ്റ്റീനിയൻ സെമിനാരിയുടെ തലവനായി. ഡയോസിസൻ സെമിനാരിയില്‍ കാനൻ ലോ പഠിപ്പിച്ച അദ്ദേഹം, പ്രീഫെക്ടായും പ്രവർത്തിച്ചു. ട്രൂജിയോയിലെ പ്രാദേശിക എക്ലിസിയാസ്റ്റിക്കല്‍ കോടതിയുടെ ജഡ്ജി, ട്രൂജിയോയുടെ കോളേജ് ഓഫ് കണ്‍സള്‍ട്ടേഴ്സിന്റെ അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. 2013 വരെ ഓർഡർ ഓഫ് സെന്റ് അഗസ്റ്റിന്റെ പ്രിയോർ ജനറലായും പ്രവർത്തിച്ചു. 2015 മുതല്‍ 2023 വരെ പെറുവിലെ ചിക്ലായോയുടെ ബിഷപ്പായും, സേവനമനുഷ്ടിച്ചു. 2015-ലാണ് പെറുവിന്റെ പൗരത്വം സ്വീകരിച്ചത്. 2023-ല്‍ കർദിനാളായി ഉയർത്തപ്പെട്ടു. 2023 മുതല്‍ ഡികാസ്റ്ററി ഫോർ ബിഷപ്പ്സിന്റെ പ്രീഫെക്ടും പൊന്തിഫിക്കല്‍ കമ്മീഷൻ ഫോർ ലാറ്റിൻ അമേരിക്കയുടെ പ്രസിഡന്റുമായിരുന്നു.
ബിഷപ്പുമാരെ തിരഞ്ഞെടുക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്ന പ്രധാന ദൗത്യമുള്ള ഡികാസ്റ്ററി ഫോർ ബിഷപ്പ്സിന്റെ പ്രീഫെക്ടായിരുന്ന കർദിനാള്‍ റോബർട്ട് പ്രേവോ കർദിനാള്‍മാർക്കിടയില്‍ സുപരിചിതനായിരുന്നു. ബിഷപ്പാക്കാനുള്ളവരുടെ നാമനിർദ്ദേശങ്ങള്‍ മാർപാപ്പയ്ക്ക് സമർപ്പിക്കാൻ തീരുമാനിക്കുന്ന വോട്ടിംഗ് ബ്ലോക്കില്‍ മൂന്ന് സ്ത്രീകളെ ഉള്‍പ്പെടുത്തിയ ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും പ്രധാനപ്പെട്ട പരിഷ്കാരങ്ങളിലൊന്നില്‍ അദ്ദേഹം പങ്കാളിയായി:
കോണ്‍ക്ലേവ് കൂടി രണ്ടാം ദിനം നടന്ന നാലാമത്തെ വോട്ടെടുപ്പിലാണ് പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പ് സ്വീകരിക്കുന്നുവോ എന്ന് അദ്ദേഹത്തോട് സമ്മതം ചോദിച്ച ശേഷം എല്ലാ കർദിനാള്‍മാരും നിയുക്ത പാപ്പായോടുള്ള വിധേയത്വം പ്രഖ്യാപിച്ചു. തുടർന്ന് അദ്ദേഹം ലിയോ 14 ാമൻ എന്ന നാമം തിരഞ്ഞെടുക്കുകയും പാപ്പായുടെ സ്ഥാനവസ്ത്രങ്ങള്‍ അണിയുകയും ചെയ്തു. ഏറ്റവും മുതിർന്ന കർദിനാള്‍ ഡീക്കനായ ഫ്രഞ്ചുകാരനായ കർദിനാള്‍ ഡൊമിനിക് മാംബെർട്ടിയാണ് പാപ്പയെ തിരഞ്ഞെടുത്തകാര്യം ‘ഹബേമൂസ് പാപ്പാം’ (നമുക്കു പാപ്പയെ ലഭിച്ചിരിക്കുന്നു) എന്നു പ്രഖ്യാപിച്ചുകൊണ്ട് ലോകത്തെ അറിയിച്ചത്. തുടർന്നു നിയുക്ത പാപ്പ വിശുദ്ധ പത്രോസിന്റെ ബസിലിക്കായുടെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ട് റോമാ നഗരത്തിനും ലോകം മുഴുവനും ആശീർവാദം (ഉർബി എത്ത് ഓർബി) നല്‍കി. ‘നിങ്ങള്‍ക്കെല്ലാവർക്കും സമാധാനം ഉണ്ടാകട്ടെ’ എന്നായിരുന്നു ബസിലിക്കയുടെ ബാല്‍ക്കണിയിലെത്തി പോപ്പ് എന്നനിലയിലെ വിശ്വാസികളോടുള്ള ലിയോ പതിനാലാമന്റെ ആദ്യവാക്കുകള്‍.
പെറുവില്‍ മിഷനറിയായി നിരവധി വർഷങ്ങള്‍ ചെലവഴിച്ചതിനാലും നിലവില്‍ പെറു പൗരത്വമുള്ളതിനാലും അദ്ദേഹത്തെ ലാറ്റിൻ അമേരിക്കക്കാരനായും കണക്കാക്കാവുന്നതാണ്. അദ്ദേഹത്തിന്റെ ലാറ്റിൻ അമേരിക്കൻ പശ്ചാത്തലം സഭയില്‍ ഫ്രാൻസിസ് മാർപാപ്പ നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍ക്ക് തുടർച്ചയാകുമെന്നാണ് കരുതപ്പെടുന്നത്.