വലിയ ഇടയന് വിട ; ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്തിക്കാൻ : വലിയ ഇടയന് വിട. ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായി. 88 വയസ്സായിരുന്നു. ചരിത്രം തിരുത്തിക്കുറിച്ചാണ് 2013 മാർച്ച് 13-ന് അർജന്റീനയിലെ ബ്യൂണസ് ഐറിസിൽനിന്നുള്ള കർദിനാൾ മാരിയോ ബെർഗോളിയ കത്തോലിക്കാ സഭയുടെ 266-ാമത് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യപാപ്പയായിരുന്നു പിന്നീട് ഫ്രാൻസിസ് മാർപാപ്പ എന്നറിയപ്പെട്ട മാരിയോ ബെർഗോളിയ. 1,272 വർഷങ്ങൾക്കു ശേഷമായിരുന്നു യൂറോപ്പിനു പുറത്തുനിന്ന് ഒരാൾ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത്. പ്രാദേശിക സമയം 7.35-നാണ് അന്ത്യം സംഭവിച്ചതെന്ന് വത്തിക്കാൻ അറിയിച്ചു.
ശാരീരിക അവശതകൾ മൂലം ബെനഡിക്ട് പതിനാറാമൻ മാർപാപ്പ 2013 ഫെബ്രുവരി 28-ന് രാജിവെച്ചതിനെ തുടർന്നാണ് കർദിനാൾ ഹോർഹെ മാരിയോ ബെർഗോളിയോയെ മാർപാപ്പയായി തിരഞ്ഞെടുത്തത്.
ബ്യൂണസ് ഐറിസിലെ ആർച്ച് ബിഷപ്പായിരുന്ന ഹോർഹെ മാരിയോ ബെർഗോളിയോ ലാറ്റിനമേരിക്കയിൽ നിന്നുള്ള ആദ്യ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത് തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു. അന്ന് 78 വയസായിരുന്നു അദ്ദേഹത്തിന്. 2001-ലാണ് ബെർഗോളിയോ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടത്. ജോൺപോൾ രണ്ടാമൻ മാർപാപ്പയാണ് 2001-ൽ ബെർഗോളിയോയെ വത്തിക്കാനിലേക്ക് കൊണ്ടുവരുന്നത്. കർദ്ദിനാൾ എന്ന നിലയിൽ ഒട്ടേറെ ഭരണപരമായ ചുമതലകൾ വഹിച്ച അദ്ദേഹം തീർത്തും വ്യത്യസ്തനായിരുന്നു. വിനയാന്വിതമായ പെരുമാറ്റം, സാമൂഹ്യനീതിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ എന്നിവയും കർദ്ദിനാൾ എന്ന നിലയിൽ അദ്ദേഹത്തെ വ്യത്യസ്തനാക്കി. ആഡംബര വാഹനം ഒഴിവാക്കി പൊതുഗതാഗത സംവിധാനത്തിലായിരുന്നു അദ്ദേഹത്തിന്റെ യാത്രകൾ. ഭക്ഷണം സ്വയം പാചകം ചെയ്യുന്നതായിരുന്നു അക്കാലത്ത് അദ്ദേഹത്തിന്റെ രീതി.
1936 ഡിസംബർ 17-ന് അർജന്റീനയിലെ ബ്യൂണസ് ഐറിസിൽ റെയിൽവേ തൊഴിലാളിയായ മരിയോ ജോസ് ബെർഗോളിയോയുടെയും സാധാരണക്കാരിയായ വീട്ടമ്മ മരിയ സിവോറിയയുടെയും അഞ്ചു മക്കളിൽ ഒരാളായി ജനനം. ഇറ്റലിയിൽനിന്നു കുടിയേറിയ ഒരു മധ്യവർഗ കുടുംബമായിരുന്നു ഫ്രാൻസിസ് പാപ്പയുടേത്. സാധാരണ കുടുംബത്തിൽ ജനിച്ച്, അവരുടെ പ്രശ്നങ്ങൾ കണ്ടറിഞ്ഞും ഇടപഴകിയും വളർന്നതിനാൽ താഴേക്കിടയിലുള്ളവർക്ക് അദ്ദേഹം പ്രത്യേകം പരിഗണന നൽകിയിരുന്നു.
എല്ലായ്പ്പോഴും ശാന്തനും പ്രസന്നവദനനുമായിരുന്നു എന്നുള്ളതാണ് അദ്ദേഹത്തിന്റെ പ്രത്യേകതകളിലൊന്ന്. അണുബാധയെത്തുടർന്ന് ശ്വാസകോശങ്ങളിലൊന്ന് നീക്കം ചെയ്ത് പത്തു വർഷത്തിനുശേഷം 32-ാം വയസ്സിലാണ് അദ്ദേഹം വൈദികപട്ടം ഏറ്റെടുക്കുന്നത്. താമസിച്ചാണ് പുരോഹിതപദവിയിൽ എത്തിയതെങ്കിലും നാല് വർഷത്തിനുള്ളിൽ അർജന്റീനയിലെ ജസ്യൂട്ട് സഭയുടെ പ്രൊവിൻഷ്യലായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1973 മുതൽ 79 വരെ പ്രൊവിൻഷ്യൻ സ്ഥാനം അലങ്കരിച്ചു. 1992-ൽ ബ്യൂണസ് ഐറിസിലെ സഹായ മെത്രാനും 98-ൽ ആർച്ച് ബിഷപ്പുമായി തിരഞ്ഞെടുക്കപ്പെട്ടു. 2001-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ബെർഗോളിയോയെ കർദിനാൾ സ്ഥാനത്ത് അവരോധിച്ചു. കർദിനാൾ ആയി തിരഞ്ഞെടുക്കപ്പെട്ടശേഷം, തന്റെ മുൻഗാമികൾ അനുഭവിച്ചുവന്നിരുന്ന പല സുഖസൗകര്യങ്ങളും അദ്ദേഹം ഉപേക്ഷിച്ചിരുന്നു. പ്രദേശത്തെ ചേരികൾ സന്ദർശിക്കുന്നതിലും അവരെ സഹായിക്കുന്നതിലും അദ്ദേഹം ഏറെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. മാധ്യമങ്ങൾക്ക് അദ്ദേഹം അഭിമുഖങ്ങൾ നൽകിയിരുന്നില്ല. പ്രസംഗവേദികളോടും ഭ്രമമില്ല. തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണം തെറ്റാണെന്നു ബോധ്യമുണ്ടെങ്കിൽപോലും വിമർശകരോട് ശണ്ഠ കൂടാറില്ല.
ഫ്രാൻസിസ് പാപ്പയുടെ വിനയവും ഏറെ പ്രസിദ്ധമായിരുന്നു. 2001-ൽ കർദിനാളായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, തനിക്കൊപ്പം ആഹ്ലാദം പങ്കിടാൻ റോമിലേക്ക് പറക്കാനൊരുങ്ങിയ നൂറുകണക്കിന് അർജന്റീനക്കാരെ തടഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്: ”റോം യാത്രയ്ക്കു ചെലവാകുന്ന വിമാനക്കൂലി നിങ്ങൾ പാവങ്ങൾക്ക് നൽകുക.” അതായിരുന്നു അദ്ദേഹത്തിന്റെ സന്തോഷം. സാമ്പത്തികമാന്ദ്യം പിടിമുറുക്കിയ 2002-ൽ അർജന്റീനയിലെ സാധാരണക്കാർക്കുവേണ്ടി സർക്കാറിനും രാഷ്ട്രീയക്കാർക്കും എതിരെ അദ്ദേഹം പൊരുതി.
പേര് തിരഞ്ഞെടുത്തപ്പോൾ തന്നെ തന്റെ വഴികൾ വ്യത്യസ്തമാണെന്ന് പുതിയ പാപ്പ ലോകത്തിന് വെളിപ്പെടുത്തി. കത്തോലിക്കാ സഭയുടെ രണ്ടായിരത്തിലധികം വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഫ്രാൻസിസ് എന്ന പേര് ഒരു മാർപ്പാപ്പ സ്വീകരിക്കുന്നത്. പാവങ്ങളുടെ പുണ്യവാളനെന്നറിയപ്പെടുന്ന അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ പേര് തിരഞ്ഞെടുത്തതിന് വലിയ അർത്ഥതലങ്ങളുണ്ട്. ഫ്രാൻസിസ്കൻ സഭാസ്ഥാപകനായ താപസശ്രേഷ്ഠന്റെ പേരു സ്വീകരിക്കുകവഴി കർദിനാൾ മാരിയോ ബർഗോളിയോ ഇറ്റലിയുടെ ഹൃദയമാണ് കവർന്നത്. ദരിദ്രരോടും സകല ജീവജാലങ്ങളോടുമുള്ള സ്നേഹത്തിലൂടെ ക്രിസ്തുവിന് സാക്ഷ്യം വഹിച്ച വിശുദ്ധനാണ് അസ്സീസ്സിയിലെ ഫ്രാൻസിസ്. ഉന്നതകുലജാതനായിട്ടും സമ്പത്തിന്റെ മടിത്തട്ടിൽ അഭിരമിച്ചിട്ടും അതെല്ലാം ക്രിസ്തുവിനോടും മനുഷ്യരോടുമുള്ള സ്നേഹത്തെ പ്രതി ഉപേക്ഷിച്ച് ദാരിദ്ര്യം വ്രതമായെടുത്തയാൾ. അവസാനത്തെ ഉടുതുണി പോലും തെരുവിലെ ദരിദ്രന് കൊടുത്തയാൾ. അങ്ങനെയുള്ള വിശുദ്ധ ഫ്രാൻസിസിന്റെ പേര് സ്വീകരിച്ച് ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് ദരിദ്രരുടെ പക്ഷത്തുനിന്ന് സഭയെ മുന്നോട്ട് നയിച്ചു.
മറ്റ് മതങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനേക്കുറിച്ചും പോപ്പിന് വ്യക്തമായ ധാരണകളുണ്ടായിരുന്നു. മനുഷ്യരെ മറന്നുകൊണ്ട് ദൈവവുമായുള്ള ബന്ധം സാധ്യമാകില്ലെന്ന് വ്യക്തമാക്കുന്ന ഫ്രാൻസിസ് പാപ്പയിൽ ലോകം പുതിയൊരു മാതൃകയെയാണ് കണ്ടത്. ഗർഭഛിദ്രം, സ്വവർഗാനുരാഗം, സ്ത്രീപൗരോഹിത്യം, വൈദികബ്രഹ്മചര്യം, കൃത്രിമ ജനനനിയന്ത്രണം മുതലായ വിഷയങ്ങളിൽ സഭയിലെ പരിഷ്കരണവാദികളുടെ മറുചേരിയിലാണ് പോപ്പിന്റെ സ്ഥാനം. സ്വവർഗരതിയെ കുറ്റകരമാക്കുന്ന നിയമങ്ങളെ ‘അനീതി’ എന്ന് വിമർശിച്ച പോപ്പ് ഫ്രാൻസിസ്, ദൈവം തന്റെ എല്ലാ മക്കളെയും സ്നേഹിക്കുന്നുവെന്നും സ്വവർഗരതിക്കാരായവരെ സഭയിലേക്ക് സ്വാഗതം ചെയ്യാൻ കത്തോലിക്കാ ബിഷപ്പുമാരോട് ആഹ്വാനം ചെയ്തു. ക്രൈസ്തവർ ചെയ്യുന്ന കരുണയുടെ പ്രവർത്തനങ്ങളിൽ പ്രകൃതിയുടെ സംരക്ഷണം കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ഒരു പതിറ്റാണ്ട് പിന്നിട്ടപ്പോഴേക്കും സഭയെ സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകാൻ പാപ്പയ്ക്ക് സാധിച്ചു.
ജീവിതത്തിൽ ആഡംബരങ്ങൾ ഒഴിവാക്കുന്ന ഫ്രാൻസിസ് മാർപാപ്പ മരണത്തിലും ലാളിത്യം ആഗ്രഹിച്ചിരുന്നു. സൈപ്രസ്, ഓക്ക്, വാക മരത്തടികൾ കൊണ്ടു നിർമിച്ച 3 പെട്ടികൾക്കുള്ളിലായി മാർപാപ്പമാരെ അടക്കം ചെയ്യുന്ന ആചാരത്തിനു പകരം തനിക്ക് സാധാരണ തടിപ്പെട്ടി മതിയെന്ന് അദ്ദേഹം നേരത്തെ തന്നെ നിർദേശിച്ചിരുന്നു. ദീർഘമായ പൊതുദർശനം, നീണ്ട അന്ത്യോപചാര ചടങ്ങുകൾ ഇവയൊന്നും വേണ്ടെന്നും നിർദേശത്തിലുണ്ട്. മുൻ മാർപാപ്പമാരെ അടക്കം ചെയ്യുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു പകരം റോമിലെ സെന്റ് മേരി മേജർ പള്ളിയിൽ അടക്കിയാൽ മതിയെന്നു നേരത്തെ നിർദേശിച്ചിരുന്നു.