കുതിപ്പ് തുടർന്ന് സ്വർണവില : ഇന്ന് കൂടിയത് 200 രൂപ

സ്വർണം വാങ്ങാൻ നില്‍ക്കുന്നവരെ നിരാശയിലാഴ്ത്തി വീണ്ടും സ്വർണ വിലയില്‍ കുതിപ്പ്. കഴിഞ്ഞ ദിവസമാണ് സ്വർണ വില 71,000 രൂപ പിന്നിട്ടത്. ഇന്നലെ 71,360 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വിപണി വില. ഇന്ന് മാത്രം 200 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ വില 71,560 എന്ന സർവകാല റെക്കോർഡിലെത്തി. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് സ്വർണം ഇത്ര ഉയർന്ന നിരക്കിലെത്തുന്നത്. ഒരു ഗ്രാമിന് 25 രൂപ വർധിച്ച് 8,945 രൂപയായി.
ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ഇന്നും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഏപ്രില്‍ 8നുമാണ്. ഏപ്രില്‍ 8ന് ഒരു പവന് 65,800 രൂപയായിരുന്നു വിപണി വില. അതേസമയം, ഈ മാസം ആരംഭിക്കുമ്ബോള്‍ ഒരു പവൻ സ്വർണത്തിന് 68,080 രൂപയായിരുന്നു നല്‍കേണ്ടത്. പിന്നീട് അങ്ങോട്ട് ഏറ്റക്കുറച്ചിലുകള്‍ ആയിരുന്നു.
എല്ലാവരുടെയും പ്രതീക്ഷകള്‍ തകർത്തുകൊണ്ട് സ്വർണവില ആദ്യമായി 70,000 കടന്നത് ഏപ്രില്‍ 12നാണ്. അന്ന് 70,160 രൂപയായിരുന്നു വില. ഇതേ വിലയില്‍ തന്നെയാണ് അടുത്ത ദിവസവും കച്ചവടം പുരോഗമിച്ചതെങ്കിലും വിഷു ദിനത്തില്‍ സ്വർണ വിലയില്‍ നേരിയ ഇടിവുണ്ടായി. ഇത് അടുത്ത ദിവസവും തുടർന്നു. പിന്നാലെ ഏപ്രില്‍ 16ന് വില വീണ്ടും 70000 കടന്ന് 70,520 രൂപയിലെത്തി. അടുത്ത ദിവസം വില വീണ്ടും വർധിച്ച് 71360 രൂപയായി. ഇതാണിപ്പോള്‍ വീണ്ടും 200 രൂപ കൂടി 71,560 രൂപയില്‍ എത്തിനില്‍ക്കുന്നത്.
വിവാഹ സീസണ്‍ ആയതിനാലാണ് സ്വർണ വിലയിലെ ഈ കുതിപ്പ് സാധാരണക്കാരില്‍ കൂടുതല്‍ ആശങ്ക ഉയർത്തുന്നത്. ഡോണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ഉണ്ടായ തീരുവ യുദ്ധം സ്വർണ വിലയില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്. അമേരിക്ക- ചൈന വ്യാപാരയുദ്ധം കടുത്തതിനെ തുടർന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകർ സ്വർണത്തിലേക്ക് മാറിയതാണ് വില വർദ്ധനവിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്.