തുടര്‍ച്ചയായ രണ്ടാംദിവസവും സ്വര്‍ണവിലയിൽ ഇടിവ് : 70,000 ത്തിന് താഴെ

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില ഇടിഞ്ഞു. ഗ്രാമിന് 35 രൂപ കുറഞ്ഞ് 8,720 രൂപയിലും പവന് 280 രൂപ താഴ്ന്ന് 69,760 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. ഇന്നലെ വിഷു ദിനത്തില്‍ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ് തുടര്‍ന്നതോടെ പവന്‍ വില 70,000ത്തില്‍ താഴെ എത്തിയിരിക്കുന്നുവെന്നത് ഉപയോക്താക്കള്‍ക്ക് ആശ്വാസം പകരുന്നു.
ഏപ്രില്‍ 12ന് രേഖപ്പെടുത്തിയ പവന് 70,160 രൂപയാണ് കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില.
18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 10 രൂപ കുറഞ്ഞ് 7,210 രൂപയിലെത്തി. വെള്ളി വിലയ്ക്ക് ഇന്നും മാറ്റമില്ല. ഗ്രാമിന് 107 രൂപയിലാണ് വ്യാപാരം.
ട്രംപിന്റെ തത്തുല്യ ചുങ്കത്തിന് താത്കാലിക ആശ്വാസം ലഭിച്ചതാണ് സ്വര്‍ണത്തില്‍ അല്‍പം കുറവുണ്ടാക്കിയത്. പകരച്ചുങ്കത്തിന് 90 ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ടെങ്കിലും അത് താത്കാലിക നടപടി മാത്രമാണെന്നാണ് പ്രഖ്യാപനം. സെമിസെമി കണ്ടക്ടര്‍ ഇറക്കുമതിക്കുള്ള ചുങ്കം അടുത്ത ആഴ്ചയോടെ പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തലകള്‍. ഇത് വിപണികളെ വീണ്ടും മുന്‍മുനയില്‍ നിര്‍ത്തുകയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപം ഒഴുക്കാന്‍ നിക്ഷേപകരെ ഇത് പ്രേരിപ്പിക്കുകയും ചെയ്യും.
ഇന്നലെ രാജ്യാന്തര സ്വര്‍ണ വില 0.73 ശതമാനം ഇടിഞ്ഞ് 3,212 ഡോളറിലെത്തി. ഇന്ന് 3,225 ഡോളറിലേക്ക് തിരിച്ചു കയറിയിട്ടുണ്ട്.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 69,760 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 75,500 രൂപയോളമാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.