എട്ട് സെന്‍റില്‍ 1000 സ്ക്വയര്‍ഫീറ്റില്‍ 105 വീടുകള്‍, 8 മാസത്തില്‍ കൈമാറും; വയനാട് പുനരധിവാസ പദ്ധതിയുമായി മുസ്ലിം ലീഗ്

മേപ്പാടി : മുസ്ലിം ലീഗിന്‍റെ വയനാട് പുനരധിവാസ പദ്ധതിയുടെ ഭവന സമുച്ചയ ശിലാസ്ഥാപനം ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക് സാദിഖലി തങ്ങള്‍ നിർവഹിക്കുമെന്ന് പി എം എ സലാം അറിയിച്ചു.
ആയിരം സ്ക്വയർഫീറ്റ് വീടുകളാണ് നിർമ്മിക്കുന്നത്. മേപ്പാടി വെള്ളിത്തോട് പത്തര ഏക്കർ ഭൂമിയില്‍ 105 വീടുകള്‍ ആണ് നിർമ്മിക്കുന്നത്. വീട് നിർമിക്കാൻ സ്ഥലം കിട്ടുന്നതില്‍ പ്രയാസം നേരിട്ടു. സർക്കാർ സ്ഥലം നല്‍കാം എന്ന് പറഞ്ഞെങ്കിലും കിട്ടിയില്ല. ഒടുവില്‍ വില കൊടുത്തു ഭൂമി വാങ്ങിയാണ് വീട് നിർമ്മിക്കുന്നത്.
സർക്കാർ ലിസ്റ്റില്‍ നിന്ന് അപേക്ഷ ക്ഷണിച്ചാണ് അർഹരെ കണ്ടെത്തിയത്. എട്ട് മാസം കൊണ്ട് പണി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. എട്ട് സെന്‍റ് ഭൂമിയാണ് ആളുകളുടെ പേരില്‍ രജിസ്റ്റർ ചെയ്തു കൊടുക്കുന്നത്. കമ്മ്യൂണിറ്റി സെന്‍ററും പാർക്കും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വയനാട് പുനരധിവാസം ലോകത്തിന് മാതൃകയായിരിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. വീട് നിർമാണം കൊണ്ട് മാത്രം പുനരധിവാസം അവസാനിക്കില്ല. ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന വിധത്തില്‍ പദ്ധതി പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മേപ്പാടിയില്‍ പുനരധിവാസ പദ്ധതിയടെ പ്രതീകാത്മക തറക്കല്ലിടല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷമാണ് കേന്ദ്ര സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം.
രാജ്യത്തെ തന്നെ കണ്ണീരില്‍ മുക്കിയ ദുരന്തമാണ് ഉണ്ടായത്. കേന്ദ്ര സഹായമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. ഇതുവരെ ഒന്നും ലഭിച്ചില്ല. പഴയ അനുഭവം വെച്ച് ഇനി കിട്ടുമോയെന്നും അറിയില്ല. വായ്പ മാത്രമാണ് കേന്ദ്രം അനുവദിച്ചത്. അതിനി സംസ്ഥാനം തിരിച്ചടക്കേണ്ടതുമാണ്. കേരളത്തിൻ്റെ ഒരുമയും ഐക്യവും ആണ് അസാധ്യമായ ഈ ദൗത്യത്തിൻ്റെ ശക്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.