പ്രതിഷേധങ്ങള്‍ക്കിടെ വഖഫ് ബില്ലില്‍ ഒപ്പുവെച്ച് രാഷ്ട്രപതി ; ബില്‍ നിയമമായി

ഡല്‍ഹി: ലോക്സഭയും രാജ്യസഭയും പാസാക്കിയ വഖഫ് നിയമ ഭേദഗതി ബില്ലില്‍ ഒപ്പ് വച്ച് രാഷ്ട്രപതി ദ്രൗപദി മുർമു.രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ ബില്‍ നിയമമായി. ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ബില്ലില്‍ രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നത്. ബില്‍ അംഗീകരിക്കരുതെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡും മുസ്ലീം ലീഗും രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. കൂടുതല്‍ രാഷ്ട്രീയ പാർട്ടികള്‍ ഈ ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കം നടത്തുന്നതിനിടെയാണ് ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെക്കുന്നത്.
അതേസമയം പ്രത്യേക വിജ്ഞാപനത്തിലൂടെ നിയമം പ്രാബല്യത്തിലാകുന്ന തിയതി പ്രഖ്യാപിക്കും. ശേഷം നിയമവുമായി ബന്ധപ്പെട്ട് ചട്ടങ്ങളും പുറത്തിറക്കും. വഖഫ് നിയമം ഇനി യുണിഫൈഡ് വഖഫ് മാനേജ്മെന്റ്, എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡവലപ്മെന്റ് (ഉമീദ്) ആക്‌ട് എന്നായിരിക്കും അറിയപ്പെടുക.
കഴിഞ്ഞ ദിവസങ്ങളില്‍ പാർലമെന്റിന്റെ ഇരുസഭകളും വഖഫ് ബില്‍ പാസാക്കിയിരുന്നു. ഇതിന് ശേഷമാണ് ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചത്. വ്യാഴാഴ്ച മാരത്തണ്‍ ചർച്ചകള്‍ക്കൊടുവിലാണ് ബില്‍ ലോക്സഭയില്‍ പാസായത്. ലേക്സഭയില്‍ ബില്ലിനെ അനുകൂലിച്ച് 288 അംഗങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ 232 അംഗങ്ങള്‍ എതിർത്തു. 128 പേരാണ് രാജ്യസഭയില്‍ ബില്ലിനെ അനുകൂലിച്ചത്. 95 പേർ എതിർക്കുകയും ചെയ്തു. വെള്ളിയാഴ്ചയാണ് ബില്‍ രാജ്യസഭയില്‍ പാസായത്.