ഗോസമൃദ്ധി ഇൻഷുറൻസ് : നൂറു രൂപ പ്രീമിയമടച്ചാല്‍ ക്ഷീര കര്‍ഷകര്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ ഇൻഷുറൻസ്

പ്രതീക്ഷിതമായി തൊഴുത്തിന്റെ പടികയറിയെത്തുന്ന അപകടങ്ങള്‍ വരുത്തിവെക്കുന്ന സാമ്ബത്തികനഷ്ടത്തെ അതിജീവിക്കാനുള്ള കൈത്താങ്ങാണ് ക്ഷീരമേഖലയിലെ ഇൻഷുറൻസ് പദ്ധതികള്‍. നിലവിലുള്ള ഇൻഷുറൻസ് പദ്ധതികളില്‍ പ്രീമിയം നിരക്ക് ഏറ്റവും കുറവുള്ള പദ്ധതിയാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ഗോസമൃദ്ധി-നാഷണല്‍ ലൈവ് സ്റ്റോക്ക് മിഷൻ ഇൻഷുറൻസ് പദ്ധതി. പശുക്കള്‍ക്ക് മാത്രമല്ല അവയുടെ ഉടമകളായ ക്ഷീരകർഷകർക്കും ഏറ്റവുംകുറഞ്ഞ പ്രീമിയത്തില്‍ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നു. കർഷകർക്ക് ഇപ്പോള്‍ തൊട്ടടുത്ത സർക്കാർ മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് ഈ പദ്ധതിയില്‍ ചേരാൻ അവസരമുണ്ട്.
പോളിസി, പ്രീമിയം
ഗോസമൃദ്ധി-നാഷണല്‍ ലൈവ്സ്റ്റോക്ക് മിഷൻ ഇൻഷുറൻസ് പദ്ധതിയില്‍ ഒരു വർഷം, മൂന്ന് വർഷം എന്നീ കാലയളവുകളിലേക്കുള്ള പോളിസികളാണുള്ളത്. രണ്ടുമുതല്‍ പത്തുവയസ്സുവരെ പ്രായമുള്ള പശുക്കളെയും എരുമകളെയും ഇൻഷുർ ചെയ്യാം. സങ്കരയിനം പശുക്കള്‍ക്കും മറ്റ് നാടൻ ജനുസ്സ് പശുക്കള്‍ക്കും പരിരക്ഷ കിട്ടും. കറവയുള്ള ഉരുക്കളാണെങ്കില്‍ പ്രതിദിനം കുറഞ്ഞത് ഏഴുലിറ്ററെങ്കിലും ഉത്പാദനമുള്ളവയാകണം. ഏഴുമാസത്തിനുമുകളില്‍ ഗർഭമുള്ള കിടാരികളെയും എരുമക്കുട്ടികളെയും ഇൻഷുർ ചെയ്യാം. പരമാവധി ഒരു കർഷകന്റെ അഞ്ചുപശുക്കളെവരെ ചേർക്കാം.
ഏറ്റവും ചുരുങ്ങിയത് 10,000 രൂപമുതല്‍ 65,000 രൂപയ്ക്കുവരെ ഉരുക്കളെ ഇൻഷുർചെയ്യാം. ഒരുവർഷത്തേക്ക് പോളിസിയെടുക്കാൻ ഉരുവിന്റെ മതിപ്പുവിലയുടെ 4.48 ശതമാനവും മൂന്നുവർഷത്തേക്ക് 10.98 ശതമാനവുമാണ് പ്രീമിയം തുക.
പൊതുവിഭാഗത്തില്‍പ്പെട്ടവർക്ക് പ്രീമിയത്തിന്റെ 50 ശതമാനവും പട്ടികജാതി/പട്ടികവർഗ വിഭാഗത്തില്‍പ്പെട്ട കർഷകർക്ക് പ്രീമിയം തുകയുടെ 70 ശതമാനവും തുകയില്‍ സർക്കാർ സബ്സിഡി അനുവദിക്കും. കൂടാതെ കേരള ഫീഡ്സ് ലിമിറ്റഡ് കമ്ബനിയും കർഷകർ ആകെ അടയ്ക്കേണ്ട പ്രീമിയത്തില്‍ 100 മുതല്‍ 250 രൂപവരെ അധിക സബ്സിഡി അനുവദിക്കുന്നുണ്ട്. ഈ കിഴിവുകള്‍ കഴിച്ച് പൊതുവിഭാഗത്തില്‍പ്പെട്ട കർഷകർ 65,000 രൂപ മതിപ്പുവിലയുള്ള ഒരു പശുവിനെ ഇൻഷുർചെയ്യാൻ ഒരു വർഷത്തേക്ക് 1356 രൂപയും മൂന്നുവർഷത്തേക്കാണെങ്കില്‍ 3319 രൂപയും പ്രീമിയമായി അടച്ചാല്‍ മതിയാവും.
പട്ടികജാതി-പട്ടികവർഗ വിഭാഗത്തില്‍പ്പെട്ട ക്ഷീരകർഷകർക്ക് 65,000 മതിപ്പുവിലയുള്ള ഒരു ഉരുവിനെ ഒരുവർഷത്തേക്കും മൂന്നുവർഷത്തേക്കും ഇൻഷുർചെയ്യാൻ യഥാക്രമം 774, 1892 രൂപവീതമായിരിക്കും പോളിസി പ്രീമിയം. വളർത്തുമൃഗങ്ങള്‍ മരണപ്പെട്ടാല്‍ പോളിസിപ്രകാരം ഇൻഷുർചെയ്ത പൂർണമായ തുകയും അവയുടെ ഉത്പാദന-പ്രത്യുത്പാദന ശേഷികള്‍ നഷ്ടമാവുന്നതരത്തിലുള്ള രോഗാവസ്ഥകള്‍ പിടിപെട്ടാല്‍ പോളിസിയുടെ 50 ശതമാനം തുകയും ലഭിക്കും. പശുക്കളെ പോളിസി കാലയളവില്‍ വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നുണ്ടെങ്കില്‍ പോളിസി പുതിയ ഉടമയിലേക്ക് മാറ്റാനുള്ള സൗകര്യവും പദ്ധതിയില്‍ ലഭിക്കും.
ക്ഷീരകർഷകർക്കും ഇൻഷുറൻസ് പരിരക്ഷ
താത്പര്യമുള്ള ക്ഷീരകർഷകർക്ക് പശുക്കളുടെ ഇൻഷുറൻസിനൊപ്പം പരമാവധി അഞ്ചുലക്ഷം രൂപയുടെവരെ വ്യക്തിഗത അപകട, അപകടമരണ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാനും പദ്ധതിയില്‍ അവസരമുണ്ട്. 18 മുതല്‍ 70 വയസ്സുവരെ പ്രായമുള്ള ക്ഷീരകർഷകർക്കാണ് പശുക്കളെ ഇൻഷുറൻസ് ചെയ്യുന്നതിനൊപ്പം പേഴ്സണല്‍ ആക്സിഡന്റ് കവറേജ് നേടാൻ കഴിയുക. കന്നുകാലി ഇൻഷുറൻസ് ചെയ്യുന്നതിനൊപ്പം 20 രൂപ അധികമായി പ്രീമിയം അടച്ചാല്‍ ഒരുലക്ഷം രൂപയുടെ വ്യക്തിഗത ഇൻഷുറൻസ് നേടാം. നൂറുരൂപ പ്രീമിയം അടച്ചാല്‍ ഒരുവർഷത്തേക്ക് പരമാവധി അഞ്ചുലക്ഷം രൂപയുടെ അപകടമരണഇൻഷുറൻസ് പരിരക്ഷനേടാം. അപകടമരണത്തിനും പൂർണമോ ഭാഗികമോ ആയ അംഗവൈകല്യം സംഭവിച്ചാലും പോളിസി തുക ലഭ്യമാവും. കർഷകരുടെ വ്യക്തിസുരക്ഷാ ഇൻഷുറൻസിന് സർക്കാരിന്റെ സബ്സിഡിയില്ല.
കേന്ദ്രസർക്കാരിന്റെകൂടി സഹകരണത്തോടെ നടപ്പാക്കുന്ന ഗോസമൃദ്ധി-നാഷണല്‍ ലൈവ്സ്റ്റോക്ക് മിഷൻ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ അത്യുത്പാദനശേഷിയുള്ള നാല്‍പ്പത്തിനായിരത്തിലധികം ഉരുക്കളെ ഇൻഷുർ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഫീല്‍ഡ് തലത്തില്‍ ഇൻഷുറൻസ് പദ്ധതിയിലേക്ക് പശുക്കളെ തിരഞ്ഞെടുക്കുന്നതും ഉരുവിന്റെ മതിപ്പുവില നിർണയിക്കുന്നതും തിരിച്ചറിയല്‍ അടയാളമായ ഇയർ ടാഗിങ് നടത്തുന്നതും മൃഗസംരക്ഷണവകുപ്പിലെ വെറ്ററിനറി സർജന്മാരാണ്. ഇൻഷുറൻസ് പ്രീമിയം തുകയുടെ കർഷകവിഹിതം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓണ്‍ലൈൻ പ്ലാറ്റ്ഫോം വഴിയാണ് സമാഹരിക്കുക. ക്രെഡിറ്റ് കാർഡോ, ഡെബിറ്റ് കാർഡോ ഉപയോഗിച്ചോ, ഓണ്‍ലൈൻ വഴിയോ നേരിട്ടോ കർഷകർക്ക് എളുപ്പത്തില്‍ പ്രീമിയം അടയ്ക്കാം.