ഇന്നും കൂടി : സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ ; പുതിയ റെകോര്‍ഡ്

കൽപ്പറ്റ : കേരളത്തില്‍ സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കില്‍. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന്റെ വില 20 രൂപ വർധിച്ച് 8360 രൂപയിലെത്തി. ഇതോടെ ഒരു പവന്റെ വില 160 രൂപ ഉയർന്ന് 66880 രൂപയായിരിക്കുകയാണ്. തൊട്ടു മുൻപത്തെ ദിവസമായ വെള്ളിയാഴ്ച (മാർച്ച് 28) രേഖപ്പെടുത്തിയ ഗ്രാമിന് 8340 രൂപയും പവന് 66720 രൂപയെന്ന റെകോർഡ് ആണ് ഇതോടെ പഴങ്കഥയായത്.
നാല് ദിവസത്തിനിടെ പവന് 1400 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വർണവ്യാപാരി സംഘടനകള്‍ക്കിടയില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ടെങ്കിലും 22 കാരറ്റ് സ്വർണത്തിന് സംസ്ഥാനത്ത് ഒരേ വിലയാണ് ഈടാക്കുന്നത്. ഈ വില വർദ്ധനവ് സ്വർണാഭരണങ്ങള്‍ വാങ്ങാൻ ഉദ്ദേശിക്കുന്ന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് നല്‍കുന്നത്.
എന്നാല്‍, 18 കാരറ്റ് സ്വർണത്തിന് വ്യത്യസ്ത വിലയാണ് സ്വർണ വ്യാപാരി സംഘടനകള്‍ നിശ്ചയിച്ചിരിക്കുന്നത്. കെ സുരേന്ദ്രൻ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസർ സെക്രട്ടറിയുമായി പ്രവർത്തിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മെർച്ചന്റ്സ് അസോസിയേഷൻ (AKGSMA) 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപ കൂട്ടി 6855 രൂപയും പവന് 120 രൂപ കൂട്ടി 54840 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. വെള്ളിയുടെ വിലയില്‍ മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. സാധാരണ വെള്ളിയുടെ വില ഗ്രാമിന് 112 രൂപയില്‍ തന്നെ തുടരുന്നു.
അതേസമയം, ഡോ. ബി ഗോവിന്ദൻ ചെയർമാനും ജസ്റ്റിൻ പാലത്ര പ്രസിഡന്റുമായുള്ള ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മെർച്ചന്റ്സ് അസോസിയേഷൻ (AKGSMA) 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപ വർദ്ധിപ്പിച്ച് 6900 രൂപയാണ് വില നിർണയിച്ചിരിക്കുന്നത്. ഈ സംഘടനയുടെ കണക്കനുസരിച്ച് പവന് 120 രൂപയുടെ വർധനവോടെ 55200 രൂപയാണ് വില. ഈ സംഘടനയും വെള്ളിയുടെ വിലയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. സാധാരണ വെള്ളിക്ക് ഗ്രാമിന് 111 രൂപയില്‍ വ്യാപാരം നടക്കുന്നു.
അന്താരാഷ്ട്ര വിപണിയിലെ സാഹചര്യങ്ങളാണ് സ്വർണവിലയിലെ ഈ വർധനവിന് പ്രധാന കാരണം. അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഹന താരിഫുകള്‍ ആഗോള വിപണിയില്‍ കൂടുതല്‍ അനിശ്ചിതത്വം സൃഷ്ടിച്ചതാണ് സ്വർണ വില റെക്കോർഡ് ഉയരത്തിലെത്താൻ പ്രധാനമായും കാരണമായത്. ഓഹരി വിപണിയിലെ ചാഞ്ചാട്ടവും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വർണത്തിന്റെ ഡിമാൻഡ് വർദ്ധിപ്പിച്ചു.