ഓഡിറ്റോറിയത്തിന്റെ ചവിട്ടുപടിയിൽനിന്നു വീണ് യുവാവ് മരിച്ചു

മാനന്തവാടി : ഓഡിറ്റോറിയത്തിന്റെ ചവിട്ടുപടിയിൽനിന്നുവീണ യുവാവ് മരിച്ചു. മാനന്തവാടി ചോയിമൂല എടത്തോള ഷമാസ് (37) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലോടെ മാനന്തവാടി എരുമത്തെരുവ് അമ്പുകുത്തി സെയ്ന്റ് തോമസ് ഓഡിറ്റോറിയത്തി ലായിരുന്നു അപകടം.
വലിയ സൗണ്ട് ബോക്സ് ചുമന്ന് പടികൾ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണതാണെന്ന് കരുതുന്നു. വയനാട് ഗവ. മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. വൈകീട്ട് മാനന്തവാടി നഗരസഭാ ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന ഇഫ്താർ സംഗമം ഷമാസിന്റെ വേർപാടിനെത്തുടർന്ന് ഒഴിവാക്കി.
പരേതനായ എ.എസ്. എം. സലീമിന്റെയും നബീസയുടെയും മകനാണ്. ഭാര്യ: ഷബ്ന. മക്കൾ: ഷാദിയ പർവീൺ, ഷാഹിദ് ഷാ. മയ്യത്ത് നിസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് എരുമത്തെരുവ് ജുമാമസ്‌ജിദിൽ നടക്കും.