സംസ്ഥാനത്തെ 3,782 റേഷൻ കടകള്‍ പൂട്ടും ; റേഷൻ അരിയുടെ വിലയും കൂട്ടും : വരുമാനം ലക്ഷ്യമിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ..

തിരുവനന്തപുരം : സംസ്ഥാനത്തെ റോഷൻ അരിയുടെ വില വർധിപ്പിക്കാൻ നീക്കം. മുൻഗണനേതര വിഭാഗങ്ങള്‍ക്ക് സബ്‌സിഡിയിനത്തില്‍ നല്‍കുന്ന റേഷനരിവില കൂട്ടാനാണ് സർക്കാർ സമിതിയുടെ ശുപാർശ.ഇപ്പോള്‍ കിലോഗ്രാമിന് നാലു രൂപ നിരക്കില്‍ നല്‍കുന്ന അരി ആറു രൂപയായി വർധിപ്പിച്ചാല്‍ പ്രതിമാസം 3.14 കോടിരൂപയുടെ അധിക വരുമാനം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. 8.30 രൂപയ്ക്ക് സർക്കാർ വാങ്ങുന്ന അരിയാണ് സബ്സിഡി നിരക്കില്‍ നാലു രൂപക്ക് വില്‍ക്കുന്നത്.
എൻപിഎൻഎസ് അരിയുടെ വിലയായി എഫ്‌സിഐയില്‍ കിലോഗ്രാമിന് 8.30 രൂപയാണ് സർക്കാർ അടയ്‌ക്കേണ്ടത്. ഈ അരിക്ക് റേഷൻ വ്യാപാരികള്‍ 8.90 രൂപനല്‍കും. വിലകൂട്ടിയാല്‍ രണ്ടുവിഭാഗങ്ങള്‍ക്കുമുള്ള അരിവിലയിനത്തില്‍ വർഷം 50 കോടി രൂപ അധികമായി സർക്കാർ ഖജനാവിലെത്തും. സബ്‌സിഡിയുള്ള മുൻഗണനേതര കാർഡുകാർക്കും സബ്‌സിഡിയില്ലാത്ത മുൻഗണനേതര കാർഡുകാർക്കും അരി വിതരണംചെയ്യാൻ കേന്ദ്രസർക്കാർ ഒരു സഹായവും നല്‍കുന്നില്ല. റേഷൻകടകളുടെ പ്രവർത്തനസമയം ഒൻപതുമുതല്‍ ഒരുമണിവരെയും നാലുമുതല്‍ ഏഴുവരെയുമാക്കി പുനഃക്രമീകരിക്കണമെന്നും ശുപാർശയുണ്ട്.
അരിയുടെ വില കൂട്ടുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം വ്യാപാരികളുടെ വേതനം കൂട്ടാനും ക്ഷേമനിധി ശക്തിപ്പെടുത്താൻ വിനിയോഗിക്കാമെന്നും സമിതി ശുപാർശചെയ്തു. സംസ്ഥാനത്തെ 3,782 റേഷൻ കടകള്‍ പൂട്ടാനും സമിതി ശുപാർശ ചെയ്തു. ഇതിനെതിരേ വ്യാപാരികള്‍ രംഗത്തുവന്നതിനാല്‍ ചർച്ചനടത്തുമെന്ന് മന്ത്രി ജി.ആർ. അനില്‍ പറഞ്ഞു.
മുൻഗണനേതര വിഭാഗങ്ങളില്‍നിന്ന് മാസം ഒരു രൂപ വീതം സെസ് പിരിക്കാൻ ഭക്ഷ്യ -പൊതുവിതരണ വകുപ്പ് ആലോചിക്കുന്നുണ്ട്. റേഷൻ വ്യാപാരി ക്ഷേമനിധിയിലേക്ക് പണം കണ്ടെത്താനാണിത്. ആദ്യഘട്ടത്തില്‍ ഒരു വർഷത്തേക്ക് സെസ് പിരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരുവർഷം കൊണ്ട് നാല് കോടി ഇത്തരത്തില്‍ ലഭിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. നേരത്തെ ജനങ്ങളുടെ സാമ്ബത്തിക സ്ഥിതി അനുസരിച്ച് സെസ് പിരിക്കുമെന്ന് സി.പി.എം സംസ്ഥാന സമ്മേളത്തിലെ നയരേഖയില്‍ വ്യക്തമാക്കിയിരുന്നു.
റേഷൻ കടകളുടെ പ്രവർത്തനസമയം ഒമ്ബതുമുതല്‍ ഒരു മണിവരെയും വൈകിട്ട് നാലുമുതല്‍ ഏഴുവരെ ആക്കി പുനഃക്രമീകരിക്കാനും സർക്കാർ സമിതി നിർദേശമുണ്ട്. വെള്ള കാർഡ് ഉടമകള്‍ക്കുള്ള അരിയുടെ വിലയായി വ്യാപാരികള്‍ അടയ്ക്കുന്ന 60 പൈസ വ്യാപാരി ക്ഷേമത്തിനായി പ്രയോജനപ്പെടുത്താനും ശിപാർശയുണ്ട്. അരിവില കൂട്ടുകയോ സെസ് പിരിക്കുകയോ ഏതെങ്കിലും ഒന്ന് മാത്രമാകും നടപ്പാക്കുകയെന്നാണ് വിവരം.