വള്ളിയൂർക്കാവിൽ പോലീസ് ജീപ്പിടിച്ച് വഴിയോര കച്ചവടക്കാരന് ദാരുണാന്ത്യം

മാനന്തവാടി : വള്ളിയൂര്‍ക്കാവില്‍ നിയന്ത്രണം വിട്ട പോലീസ് ജീപ്പ് ഇടിച്ച് വഴിയോരകച്ചവടക്കാരന്‍ മരിച്ചു. വള്ളിയൂര്‍ക്കാവില്‍ വഴിയോരകച്ചവടം നടത്തുന്ന തോട്ടുങ്കല്‍ ശ്രീധരന്‍ (65) ആണ് മരിച്ചത്.
ഇന്ന് വൈകീട്ട് 3 മണിയോടെ കവര്‍ച്ചകേസിലെ പ്രതിയായ തലശ്ശേരി മാഹി സ്വദേശി പ്രവീഷ് (32) നെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ബത്തേരി ജയിലിലേക്ക് കൊണ്ടു പോകുകയായിരുന്ന അമ്പലവയല്‍ പോലീസ് സ്‌റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ഈ പ്രതിയേയും, വണ്ടിയിലുണ്ടായിരുന്ന സി.പി.ഒ മാരായ കെ.പി.പ്രശാന്ത് (40), ജോളി സാമുവല്‍ (40), ബി.കൃഷ്ണന്‍ (30) എന്നിവരെ പരിക്കുകളോടെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
തേഞ്ഞു തീരാറായ ടയറുകളുമായി സര്‍വ്വീസ് നടത്തിയ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ നിന്നും തെന്നിമാറിയ ജീപ്പ് മരത്തിലിടിച്ച് കുത്തനെ നില്‍ക്കുന്ന അവസ്ഥയിലാണുള്ളത്.
ലീലയാണ് ശ്രീധരന്റെ ഭാര്യ. മനോജ്, വിനോദ്, പ്രമോദ്, ഷീബ,റീന എന്നിവര്‍ മക്കളും ജിഷ, രജിത, ശരത്, രാജി എന്നിവര്‍ മരുമക്കളുമാണ്.