സുഗന്ധഗിരി വനത്തിൽ നിന്നും ബ്രിട്ടിഷ് കാലത്തെ ഉരുക്കുകട്ടകൾ കടത്താൻ ശ്രമം : 4 പേർ പിടിയിൽ

കൽപ്പറ്റ : വയനാട് സുഗന്ധഗിരി വനത്തിനുള്ളിൽ ബ്രിട്ടിഷുകാരുടെ കാലത്ത് സ്വർണ ഖനനത്തിനായി നിർമിച്ച കൂറ്റൻ ഉരുക്ക് കട്ടകൾ (കാസ്റ്റ് അയൺ ബ്ലോക്) കടത്താൻ ശ്രമിച്ച നാലു പേർ പിടിയിൽ. ട്രാക്ടറും ഇരുമ്പു വള്ളിയും സഹിതം വനത്തിനുള്ളിൽ കയറിയവരാണ് പിടിയിലായത്. ഉരുക്കു വസ്തുക്കൾ വലിച്ചു കൊണ്ടുപോകുന്നതിനിടയിൽ രാത്രി പട്രോളിങ് നടത്തുകയായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നിൽ പെടുകയായിരുന്നു.
മാനന്തവാടി സ്വദേശികളായ ഏലിയാസ് സ്കറിയ, ഷാജി ജോസ്, സുനിൽ നാരായണൻ, ഷിബു ജേക്കബ് എന്നിവരാണ് പിടിയിലായത്. വനത്തിനുള്ളിൽ പ്രവേശിച്ചതിനു ഇവർക്കെതിരെ നടപടിയെടുക്കുകയും മോഷണ ശ്രമം പൊലീസിനെ അറിയിക്കുകയും ചെയ്യുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
വയനാടിന്റെ പല ഭാഗങ്ങളിലും ബ്രിട്ടിഷുകാർ സ്വർണ ഖനനം നടത്തിയിരുന്നു. സ്മിത്ത് മൂൺ എന്ന ബ്രിട്ടിഷുകാരനും പങ്കാളി ലേഡി സ്മിത്ത് എന്നറിയപ്പെടുന്ന ലിസ്സി സ്മിത്തുമാണ് ‘ഗോൾഡ് മൈൻസ് ഇന്ത്യ’ എന്ന കമ്പനി രൂപീകരിച്ച് തരിയോട്, സുഗന്ധഗിരി പ്രദേശത്ത് ഖനനം നടത്തിയത്.
മഞ്ഞനിറമുള്ള മണ്ണിൽനിന്നു പക്ഷേ, ആവശ്യത്തിനു സ്വർണം വേർതിരിച്ചെടുക്കാൻ കഴിയാതായതോടെ കമ്പനി പൂട്ടിപ്പോയി. അന്ന് സ്മിത്തും കൂട്ടരും മണ്ണ് അരച്ച് സ്വർണം വേർതിരിച്ചെടുക്കാൻ വനത്തിനുള്ളിൽ ഉരുക്കി വാർത്ത 4 കട്ടകളാണ് ഇവർ മോഷ്ടിക്കാൻ ശ്രമിച്ചത്.