March 15, 2025

രാജ്യത്ത് വളര്‍ത്ത് പൂച്ചകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു ; അതീവ ജാഗ്രത

Share

 

രാജ്യത്ത് വളർത്ത് പൂച്ചകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. മദ്ധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് എച്ച്‌ 5 എൻ 1 വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് മനുഷ്യരിലേക്ക് പകരുമോ എന്ന ആശങ്ക ഉയരുകയാണ്. പക്ഷികളില്‍ പകരുന്ന വൈറസാണെങ്കിലും സസ്‌തനികളിലും ഇവ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ അമേരിക്കയിലെ ചില സ്ഥലങ്ങളില്‍ വളർത്ത് പൂച്ചകള്‍ പക്ഷിപ്പനി ബാധിച്ച്‌ മരിച്ചിരുന്നു. അന്ന് ഗവേഷകർ മറ്റ് രാജ്യങ്ങള്‍ക്കും മുൻകരുതല്‍ നല്‍കിയതാണ്.

 

കേന്ദ്ര സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ദ്ധർ സ്ഥലത്തെത്തിയിട്ടുണ്ട്. ഡിസംബറില്‍ പക്ഷിപ്പനി ബാധിച്ച്‌ നാഗ്‌പൂരിലും നിരവധി പൂച്ചകള്‍ ചത്തിരുന്നു. എന്നാല്‍, ഇതാദ്യമായാണ് വളർത്തുപൂച്ചകളെ രോഗം ബാധിക്കുന്നത്. ഇവയിലൂടെ മനുഷ്യരിലേക്ക് വളരെ വേഗം പകരാൻ സാദ്ധ്യതയുള്ളതിനാല്‍ ആശങ്ക ഉയരുകയാണ്. ഇന്ത്യയിലുടനീളം കോഴികളില്‍ പകർച്ചവ്യാധികള്‍ക്ക് കാരണമായ H5N1 ന്റെ ഒരു വകഭേദമായ 2.3.2.1a തരത്തിലുള്ള വൈറസാണ് വളർത്ത് പൂച്ചകളെ ബാധിച്ചതെന്ന് ശാസ്‌ത്ര സംഘം തിരിച്ചറിഞ്ഞു.

 

രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പ്രദേശത്തുള്ള പല വളർത്ത് പൂച്ചകളിലും കടുത്ത പനി, വിശപ്പില്ലായ്‌മ, അലസത തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടെത്തി. പൂച്ചകളില്‍ കണ്ടെത്തിയ വൈറസില്‍ 27 മ്യൂട്ടേഷനുകള്‍ സംഭവിച്ചതായും പഠനത്തില്‍ വ്യക്തമായി. വളരെ വേഗം വ്യാപിക്കാൻ സാദ്ധ്യതയുള്ളതിനാല്‍ നിരീക്ഷണം ശക്തമാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

 

എന്നാല്‍, ഈ വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. ജനങ്ങളെല്ലാം ജാഗ്രത പാലിക്കണമെന്നാണ് വിദഗ്ദ്ധർ നിർദേശിച്ചിരിക്കുന്നത്. വളർത്ത് പൂച്ചകളില്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ ലഭ്യമാക്കണമെന്നും അവർ നിർദേശിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.