കമ്പമലയിൽ തീയിട്ട സംഭവം : യുവാവ് പിടിയിൽ

മാനന്തവാടി : ബേഗൂര്‍ റേഞ്ചിലെ തൃശ്ശിലേരി സെക്ഷന്‍ ഫോറെസ്റ്റ് പരിധിയിലെ പുല്‍മേടില്‍ തീയിട്ടതുമായി ബന്ധപ്പെട്ട സംശയത്തില്‍ വനംവകുപ്പ് പിടികൂടിയ തൃശ്ശിലേരി തച്ചറക്കൊല്ലി ഉന്നതിയിലെ വെള്ളച്ചാലില്‍ സുധീഷ് (27) നെ വനം വകുപ്പ് ചോദ്യം ചെയ്ത് വരികയാണ്.
കഴിഞ്ഞ ദിവസം മുതല്‍ ഇയാളെ വനംവകുപ്പ് നിരീക്ഷിച്ചു വരികയായിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ ഇയാളെ വനത്തില്‍ കണ്ടതിനാലായിരുന്നു നിരീക്ഷണം. തുടര്‍ന്ന് ഇന്ന് വനത്തില്‍ വീണ്ടും തീ പടര്‍ന്ന സാഹചര്യത്തില്‍ ഉള്‍കാട്ടില്‍ വനംവകുപ്പ് തിരച്ചില്‍ നടത്തുകയും, വനത്തിനുള്ളില്‍ തന്നെ വെച്ച് തന്നെ ഇയാളെ പിടികൂടുകയുമായിരുന്നു.
കഞ്ചാവ് ചെടികള്‍ പിടികൂടിയ കേസ് ഉള്‍പ്പെടെ മാനന്തവാടി തിരുനെല്ലി സ്റ്റേഷനുകളിലായി വിവിധ കേസുകളില്‍ പ്രതിയാണ് സുധീഷ്. കഞ്ചാവ് കേസില്‍ ഒളിവിലായിരുന്ന ഇയാളെ പോലീസ് അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടെ ഒരു യുവതിയുടെ പരാതി പ്രകാരവും ഇയ്യാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
സമൂഹ മാധ്യമങ്ങള്‍ വഴി തോക്ക് പിടിച്ച് ഭീഷണി മുഴക്കിയതിനും മറ്റും പോലീസ് ഇയാള്‍ക്കെതിരെ അന്വേഷണം നടത്തി വരുന്നുണ്ട്.
കസ്റ്റഡിയിലെടുത്ത പ്രതിയെ അറസ്റ്റ് ചെയ്ത് വനപാലകര്‍ തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന. കോടതിയില്‍ ഹാജരാക്കിയ ശേഷം പോലീസ് ഇയാളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും സൂചനയുണ്ട്.