April 20, 2025

കേരളത്തിൽ നിപ ബാധക്ക് സാധ്യത ; വയനാട്ടിലും ജാഗ്രത പുലർത്തണം : ഡി.എം.ഒ

Share

 

കൽപ്പറ്റ : കേരളത്തിൽ നിപ ബാധക്ക് സാധ്യതയുള്ള സീസണായതിനാൽ വയനാട് ജില്ലയിലും പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി. ദിനീഷ് അറിയിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം,എറണാകുളം, ഇടുക്കി ജില്ലകളിലെ പഴംതീനി വവ്വാലുകളിൽ നിപ വൈറസിനെതിരെയുള്ള ആൻറിബോഡികൾ മുമ്പേ കണ്ടെത്തിയിട്ടുള്ളതാണ്. ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ നിപ പരിവീക്ഷണ പ്രവർത്തനങ്ങളും ഏകാരോഗ്യ സമീപനത്തിലൂന്നിയ പ്രതിരോധ പ്രവർത്തനങ്ങളും എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ശക്തിപ്പെടുത്തിയിട്ടുണ്ട്. നിപയെ ശാസ്ത്രീയമായി പ്രതിരോധിക്കാൻ ജനപങ്കാളിത്തവും സാമൂഹ്യ ജാഗ്രതയും ഉണ്ടാവണമെന്ന് ഡി.എം.ഒ കൂട്ടിച്ചേർത്തു.

 

പക്ഷി മൃഗാദികളുടെ കടിയേറ്റതോ നിലത്ത് വീണു കിടക്കുന്നതോ ആയ പഴങ്ങൾ ഉപയോഗിക്കരുത്. പഴങ്ങൾ നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക. തുറന്ന് വച്ച കലങ്ങളിൽ സൂക്ഷിച്ച കള്ള് പോലെയുള്ള പാനീയങ്ങൾ ഉപയോഗിക്കാതിരിക്കുക. നിലത്ത് വീണ പഴങ്ങൾ, അടക്ക മുതലായവ എടുക്കുമ്പോൾ നിർബ്ബന്ധമായും കയ്യുറ ഉപയോഗിക്കുക. ഇത്തരത്തിൽ വവ്വാലുകൾ സ്പർശിക്കാൻ സാധ്യതയുള്ള ഫലങ്ങളും സ്ഥലങ്ങളും തൊടേണ്ട സാഹചര്യങ്ങളിൽ കയ്യുറ ഉപയോഗിക്കാനും അഥവാ തൊട്ടാൽ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കൈകഴുകാനും ശ്രദ്ധിക്കുക.

 

വവ്വാലുകളെ ആട്ടിയകറ്റുകയോ അവയുടെ ആവാസ വ്യവസ്ഥയെ നശിപ്പിക്കുകയോ ചെയ്യരുത്.ഇത് അവയെ ഭയചകിതരാക്കുകയും കൂടുതൽ ശരീര സ്രവങ്ങൾ പുറപ്പെടുവിക്കാൻ കാരണമാകുകയും ചെയ്യും. അതുകൊണ്ടുതന്നെ വവ്വാലുകൾ തൊടാത്ത വിധം വെള്ളവും ഭക്ഷണ പദാർത്ഥങ്ങളും സൂക്ഷിക്കുകയാണ് വേണ്ടത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.