പുല്‍പ്പള്ളിയിലെ റിയാസിൻ്റെ കൊലപാതകം : പ്രതികള്‍ കീഴടങ്ങി

പുല്‍പ്പള്ളി : പുല്‍പ്പള്ളിഎരിയപ്പള്ളി ഗാന്ധിനഗര്‍ ഉന്നതിയിലെ അരീക്കണ്ടി റിയാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. കേസിലെ ഒന്നാം പ്രതി പുല്‍പ്പള്ളി മീനംകൊല്ലി പൊന്തത്തില്‍ വീട്ടില്‍ പി.എസ് രഞ്ജിത്ത്, രണ്ടാം പ്രതി മീനംകൊല്ലി പുത്തന്‍ വീട്ടില്‍ മണിക്കുട്ടന്‍, മൂന്നാം പ്രതി മീനംകൊല്ലി മണിക്കുന്നേല്‍ വീട്ടില്‍ അഖില്‍ എന്നിവരാണ് ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് ഉച്ചയോടെയാണ് പ്രതികള്‍ കീഴടങ്ങാനെത്തിയത്. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.
കേസിലെ നാലാം പ്രതിയായ മീനങ്ങാടി കുട്ടിരായംപാലം സ്വദേശി പൊന്തത്തില്‍ റാലിസണ്‍ (ലിജേഷ്-35) കഴിഞ്ഞദിവസം പോലീസിന്റെ പിടിയിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ടു മണിയോടെ പുല്‍പ്പള്ളി താഴെയങ്ങാടിയിലെ ബിവറേജസ് ഔട്ട്ലെറ്റിന് സമീപത്തുവെച്ചാണ് റിയാസിനെ പ്രതികള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശരീരത്തിന്റെ പാലഭാഗത്തായി നിരവധിതവണ കുത്തേറ്റ റിയാസിനെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുടുംബപ്രശ്നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. പുല്‍പ്പള്ളി പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്.