March 12, 2025

ജൂനിയർ വിദ്യാർഥികള്‍ക്ക് നേരെ റാഗിങ് : വയനാട് സ്വദേശി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

Share

 

കോട്ടയം : മെഡിക്കല്‍ കോളേജിലെ നഴ്സിങ് കോളേജില്‍ ഒന്നാംവർഷ വിദ്യാർഥികള്‍ നേരിട്ടത് അതിക്രൂരമായ റാഗിങ്. മൂന്നാംവർഷ ജനറല്‍ നഴ്സിങ് വിദ്യാർഥികളായ അഞ്ചുപേരാണ് ഒന്നാംവർഷ വിദ്യാർഥികളെ കഴിഞ്ഞ മൂന്നുമാസമായി ക്രൂരമായ റാഗിങ്ങിനിരയാക്കിയത്. വിദ്യാർഥികളെ നഗ്നരാക്കി ഡിവൈഡർ കൊണ്ട് മുറിവുണ്ടാക്കുകയും നിലവിളിക്കുമ്ബോള്‍ വായില്‍ ക്രീം തേച്ചുപിടിപ്പിക്കുകയും ചെയ്തതായാണ് പോലീസ് പറയുന്നത്. ഇതിന്റെ ദൃശ്യങ്ങളും പ്രതികള്‍ മൊബൈലില്‍ പകർത്തിയിരുന്നു.

 

നഴ്സിങ് കോളേജിലെ ജനറല്‍ നഴ്സിങ് സീനിയർ വിദ്യാർഥികളായ കോട്ടയം വാളകം സ്വദേശി സാമുവല്‍ ജോണ്‍സണ്‍(20), മലപ്പുറം വണ്ടൂർ സ്വദേശി രാഹുല്‍ രാജ്(22), വയനാട് നടവയല്‍ സ്വദേശി ജീവ(18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജില്‍ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരെയാണ് റാഗിങ് കേസില്‍ ഗാന്ധിനഗർ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

 

കഴിഞ്ഞ നവംബറില്‍ ഒന്നാംവർഷ വിദ്യാർഥികള്‍ക്ക് ക്ലാസ് ആരംഭിച്ചതുമുതല്‍ പ്രതികള്‍ ഇവരെ റാഗിങ്ങിന് വിധേയരാക്കിയെന്നാണ് വിവരം. ഒന്നാംവർഷ ജനറല്‍ നഴ്സിങ് ക്ലാസില്‍ ആറ് ആണ്‍കുട്ടികളാണുണ്ടായിരുന്നത്. ഇവരെല്ലാം റാഗിങ്ങിനിരയായി.

 

കഴിഞ്ഞ നവംബർ 16-ാം തീയതി പ്രതികള്‍ ഒന്നാംവർഷ വിദ്യാർഥിയില്‍നിന്ന് 300 രൂപ ഗൂഗിള്‍ പേ വഴിയും 500 രൂപ നേരിട്ടും ഭീഷണിപ്പെടുത്തി വാങ്ങിയിരുന്നു. ഇതിനുശേഷം ഒന്നാംവർഷ വിദ്യാർഥികള്‍ ഹോസ്റ്റല്‍ മുറിയില്‍ ഇരിക്കുന്നതിനിടെ പ്രതികള്‍ ഇവിടേക്കെത്തുകയും ‘സീനിയേഴ്സിനെ ബഹുമാനമില്ല’ എന്നുപറഞ്ഞ് വിദ്യാർഥികളിലൊരാളുടെ കഴുത്തില്‍ കത്തിവെച്ച്‌ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

 

ഡിസംബർ 13-ാം തീയതിയാണ് ഒന്നാംവർഷ വിദ്യാർഥിക്ക് പ്രതികളില്‍നിന്ന് ക്രൂരപീഡനം ഏറ്റുവാങ്ങേണ്ടിവന്നത്. അന്നേദിവസം അർധരാത്രി പ്രതികള്‍ ഒന്നാംവർഷ വിദ്യാർഥിയുടെ മുറിയിലെത്തി കൈയും കാലും തോർത്തുകൊണ്ട് കെട്ടിയിട്ടു. തുടർന്ന് ദേഹം മുഴുവൻ ലോഷൻ ഒഴിച്ചശേഷം ശരീരമാസകലം ഡിവൈഡർ കൊണ്ട് കുത്തി മുറിവേല്‍പ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ മുറിയിലുണ്ടായിരുന്ന മറ്റൊരു ഒന്നാംവർഷ വിദ്യാർഥിയോട് മൊബൈലില്‍ പകർത്താൻ ആവശ്യപ്പെട്ടു. ഇതിനുശേഷം പ്രതികള്‍ പരാതിക്കാരില്‍നിന്ന് സ്ഥിരമായി പണം പിരിച്ചിരുന്നു. പണം തരാൻ പറ്റില്ലെന്ന് പറഞ്ഞതോടെ ഇവർ ജൂനിയർ വിദ്യാർഥികളെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു. പ്രതികളുടെ മുറിയിലേക്ക് വിളിച്ചുവരുത്തി മുട്ടുകുത്തി നിലത്തുനിർത്തിയ ശേഷമാണ് കവിളിലടക്കം ക്രൂരമായി മർദിച്ചതെന്നും പോലീസ് പറയുന്നു.

 

ഒന്നാംവർഷ വിദ്യാർഥികളുടെ സ്വകാര്യഭാഗത്ത് ഡംബല്‍ കെട്ടിത്തൂക്കിയും പ്രതികള്‍ ക്രൂരമായി ഉപദ്രവിച്ചിരുന്നു. മദ്യപിക്കാനായാണ് പ്രതികള്‍ ജൂനിയർ വിദ്യാർഥികളില്‍നിന്ന് ഊഴമിട്ട് പണം പിരിച്ചെടുത്തിരുന്നത്. സീനിയേഴ്സിനെ പേടിച്ച്‌ വിദ്യാർഥികള്‍ പണം നല്‍കുകയായിരുന്നു.

 

അതേസമയം, പ്രതികള്‍ ജൂനിയർ വിദ്യാർഥികളെ ക്രൂരമായി മർദിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ പ്രതികളുടെ മൊബൈലുകളില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.