March 12, 2025

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം ; ഒരാൾക്കൂടി കൊല്ലപ്പെട്ടു : ഒരാഴ്ചയ്ക്കിടെ മരിച്ചത് നാലുപേർ

Share

 

മേപ്പാടി : വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വയനാട് അട്ടമലയിലാണ് സംഭവം. അട്ടമല സ്വദേശിയായ ബാലനാണ് (27) കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടമായത്. കഴിഞ്ഞദിവസം വയനാട് നൂൽപ്പുഴയിലും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഒരാഴ്ചയ്ക്കിടെ കേരളത്തിൽ കാട്ടാനയാക്രമണത്തിൽ നാലുപേരാണ് കൊല്ലപ്പെട്ടത്.

 

 

മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടൽ ബാധിത മേഖലയോട് ചേർന്ന പ്രദേശമാണ് അട്ടമല. ബെയിലി പാലം കടന്ന് എത്തിച്ചേരുന്ന ഈ പ്രദേശത്ത് വളരെക്കുറച്ച് ആളുകൾ മാത്രമാണ് താമസിക്കുന്നത്. ഉരുൾപ്പൊട്ടലിന് ശേഷം ഇവിടെ കാട്ടാനശല്യം രൂക്ഷമാണെന്ന് അറിയിച്ചിട്ടും വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

 

കഴിഞ്ഞദിവസവും വയനാട്ടിൽ കാട്ടാന ആക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. നീലഗിരി ജില്ലയിലെ മെഴുകൻമൂല ഉന്നതിയിൽ താമസിക്കുന്ന മാനു (46) ആണ് കാട്ടാന ആക്രമണത്തിൽ നൂൽപ്പുഴയിൽ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി എട്ടോടെ ജോലികഴിഞ്ഞ് തറവാട്ടുവീട്ടിലേക്ക് സാധനങ്ങളുംവാങ്ങി വരുന്നവഴിയിലായിരുന്നു ആന ആക്രമിച്ചത്.

 

 

വീടിന് ഇരുനൂറുമീറ്ററോളം അകലെയുള്ള വയലിലാണ് മൃതദേഹം കണ്ടത്. ആനയുടെ കൊമ്പ് ശരീരത്തിലാഴ്ന്ന് ആന്തരികാവയവങ്ങൾ പുറത്തുവന്നനിലയിലായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് ഉച്ചയ്ക്ക് 11.45-ഓടെ മാത്രമേ മാനുവിന്റെ മൃതദേഹം സ്ഥലത്തുനിന്ന് മാറ്റാനായുള്ളൂ. ഈ സംഭവത്തിൽ വലിയ പ്രതിഷേധമാണ് വയനാട്ടിൽ കഴിഞ്ഞദിവസം അരങ്ങേറിയത്. ഇതിനുപിന്നാലെയാണ് മറ്റൊരാൾ കൂടി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.