അടിച്ചുകയറി സ്വര്‍ണം : ഇന്ന് കൂടിയത് 280 രൂപ

കൽപ്പറ്റ : സ്വർണവില ഇന്നും സർവകാല റെക്കോഡില്‍. ഗ്രാമിന് 35 രൂപ വർധിച്ച് 7,980 രൂപയും പവന് 280 രൂപ വർധിച്ച് 63,840 രൂപയുമായി. 40 ദിവസം കൊണ്ട് 6,800 രൂപയാണ് പവന് വർധിച്ചത്. ഇക്കഴിഞ്ഞ ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു പവൻ വില. ഗ്രാമിന് 20 രൂപ കൂടി വർധിച്ചാല്‍ സ്വർണം പവന് 64,000 രൂപയിലെത്തും.
അന്താരാഷ്ട്ര വില ഒരു ട്രോയ് ഔണ്‍സിന് (31.103 ഗ്രാം) 2,876.85 ഡോളറില്‍ ആണ് വ്യാപാരം അവസാനിപ്പിച്ചത്. നിലവിലെ വില അനുസരിച്ച് സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ജി.എസ്.ടി ഉള്‍പ്പെടെ ഒരു പവൻ സ്വർണം വാങ്ങാൻ 69,000 രൂപ നല്‍കണം.
സീസണിലെ ഉയർന്ന ഡിമാൻഡും അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ താരിഫ് നയങ്ങളും യു.എസ് സമ്ബദ് വ്യവസ്ഥയിലെ അനിശ്ചിതാവസ്ഥയുമാണ് വില ഉയരാൻ കാരണം. വിലയില്‍ ചാഞ്ചാട്ടത്തിന് സാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു.
അതിനിടെ, രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തി. ശനിയാഴ്ച യു.എ.ഇ ദിർഹമിന്‍റെ വിനിമയ നിരക്ക് 23.90 രൂപയും കടന്ന് മുന്നേറി. കുവൈത്ത് ദീനാറിന് 284.50 രൂപ, ബഹ്റൈൻ ദീനാറിന് 233.07 രൂപ, ഒമാൻ റിയാലിന് 228.20 രൂപ, സൗദി റിയാലിന് 23.95, ഖത്തർ റിയാലിന് 23.41 രൂപ എന്നിങ്ങനെയാണ് മറ്റു ജി.സി.സി രാജ്യങ്ങളിലെ വിനിമയ നിരക്ക്. മാസാന്ത ശമ്ബളം ലഭിക്കുന്ന സമയത്തുതന്നെ നിരക്ക് കുറഞ്ഞത് പ്രവാസികള്‍ക്ക് ഗുണകരമാണ്.
ഇതുകൂടാതെ അതത് രാജ്യങ്ങളിലെ ബാങ്കുകള്‍ ഡിജിറ്റല്‍ ആപ് വഴിയുള്ള പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കൂടുതല്‍ നിരക്കുകളും ഓഫർ ചെയ്യുന്നുണ്ട്. സ്വകാര്യ എക്സ്ചേഞ്ചുകള്‍ വഴിയുള്ള പണമയക്കലും വർധിച്ചിരിക്കുകയാണ്.