സുൽത്താൻ ബത്തേരി – മംഗലാപുരം കെഎസ്ആർടിസി സർവീസ് വരുന്നു : രാത്രിയാത്രാ പ്രശ്നത്തിന് പരിഹാരം

ബത്തേരി : വയനാട്ടുകാരുടെ കാത്തിരിപ്പിനിതാ അവസാനമാകുന്നു. വയനാട് സുൽത്താൻ ബത്തേരിയിൽ നിന്ന് കർണ്ണാടകയിലെ മംഗലാപുരത്തേയ്ക്ക് രാത്രികാല സർവീസ് ആരംഭിക്കുവാനൊരുങ്ങി കെഎസ്ആർടിസി. സർവീസ് ആരംഭിക്കുന്നതോടെ ഈ റൂട്ടിലെ രാത്രിയാത്ര പ്രശ്നങ്ങൾക്കും പരിഹാരമാകും.
വിവിധ ആവശ്യങ്ങൾക്കായി വയനാട്, കണ്ണൂർ ജില്ലയുടെ മലയോര പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കാസർകോഡ്, മംഗലാപുരം യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് ഏറെ ഉപകാരപ്രദമായ സർവീസ് ആയിരിക്കുമിത്. മീനങ്ങാടി – കൽപ്പറ്റ – പനമരം – മാനന്തവാടി – കൊട്ടിയൂർ – ഇരിട്ടി – മട്ടന്നൂർ – കണ്ണൂർ – പയ്യന്നൂർ – കാഞ്ഞങ്ങാട് – കാസർകോഡ്- മഞ്ചേശ്വരം വഴി ബസ് മംഗലാപുരത്ത് എത്തും.
നിലവിൽ സുൽത്താൻ ബത്തേരിയിൽ നിന്നും മാനന്തവാടി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർഗോഡ്, മംഗലാപുരം തുടങ്ങിയ ഭാഗത്തേക്ക് പോകുന്നതിനു രാത്രി ബസ് സർവീസ് ഇല്ലായിരുന്നു. പുതിയ സർവീസ് ആരംഭിക്കുന്നതോടെ ഈ ദുരിതത്തിനും പരിഹാരമാകും.
ആഴ്ചയിൽ ആറ് ദിവസമാണ് സുൽത്താൻ ബത്തേരി- മംഗലാപുരം- സുൽത്താൻ ബത്തേരി റൂട്ടിൽ സർവീസ് ഉണ്ടായിരിക്കുന്നത്. ഇതിൽ സുൽത്താൻ ബത്തേരി- മംഗലാപുരം സർവീസ്- ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒരു സമയവും തിങ്കൾ, വ്യാഴ, ശനി ദിവസങ്ങളിൽ മറ്റൊരു സമയക്രമവും ആയിരിക്കും, മടക്കയാത്രയ്ക്ക് എല്ലാ ദിവസവും ഒരേ സമയമാണ്.
സുൽത്താൻ ബത്തേരി- മംഗലാപുരം സർവീസ്- ഞായർ, ബുധൻ, വെള്ളി
ഞായർ, ബുധൻ, വെള്ളി എന്നിങ്ങനെ ആഴ്ചയിൽ മൂന്നു ദിവസങ്ങളിൽ സുൽത്താൻ ബത്തേരി- മംഗലാപുരം സർവീസ് രാത്രി 10.10 ന് സുൽത്താൻ ബത്തേരിയിൽ നിന്ന് ആരംഭിച്ച് പിറ്റേന്ന് രാവിലെ 5.10 ന് മംഗലാപുരം എത്തും.
സുൽത്താൻ ബത്തേരി – 10.10 PM
കൽപ്പറ്റ – 10.40 PM
മാനന്തവാടി – 11.20 PM
ഇരിട്ടി – 12. 45 AM
കണ്ണൂർ – 1.45 AM
പയ്യന്നൂർ -3.00AM
കാസർകോഡ് – 4.10 AM
മംഗലാപുരം – 5.10 AM
സുൽത്താൻ ബത്തേരി- മംഗലാപുരം സർവീസ്- തിങ്കൾ, വ്യാഴം, ശനി
തിങ്കൾ, വ്യാഴ, ശനി ദിവസങ്ങളിൽ സുൽത്താൻ ബത്തേരിയിൽ നിന്ന് രാത്രി 8.00 മണിക്ക് പുറപ്പെടുന്ന ബസ് പിറ്റേന്ന് പുലർച്ചെ 3.05 ന് മംഗലാപുരം എത്തും.
സുൽത്താൻ ബത്തേരി – 8.00 PM
കൽപ്പറ്റ – 8.30 PM
മാനന്തവാടി – 9.10 PM
ഇരിട്ടി – 10.35 PM
കണ്ണൂർ – 11.35 PM
പയ്യന്നൂർ – 12.50 AM
കാസർകോഡ് – 2.00 AM
മംഗലാപുരം – 3.05 AM
മംഗലാപുരം-സുൽത്താൻ ബത്തേരി സർവീസ്- ബുധൻ ഒഴികെയുള്ള ദിവസങ്ങളിൽ
ഞായർ, തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 11.35 ന് മംഗലപുരത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.25 ന് സുൽത്താൻ ബത്തേരി എത്തും.
മംഗലാപുരം – 11.35 PM
കാസർകോഡ് – 12.35 AM
പയ്യന്നൂർ – 1.55 AM
കണ്ണൂർ – 2.40 AM
ഇരിട്ടി – 4.10 AM
മാനന്തവാടി -5.25 AM
കൽപ്പറ്റ – 6.05 AM
സുൽത്താൻ ബത്തേരി – 6.25 AM
ഇത് കൂടാതെ, സുൽത്താൻ ബത്തേരി- കൊല്ലൂർ മൂകാംബിക റൂട്ടിലും കെഎസ്ആർടിസി ആഴ്ചയിൽ മൂന്ന് സർവീസ് വീതം ഉടൻ ആരംഭിക്കും. സുൽത്താൻ ബത്തേരി – കൊല്ലൂർ മൂകാംബിക സർവീസ് വ്യാഴം – ശനി – തിങ്കൾ ദിവസങ്ങളിലും കൊല്ലൂർ മൂകാംബിക – സുൽത്താൻ ബത്തേരി സർവീസ് വെള്ളി – ഞായർ – ചൊവ്വ ദിവസങ്ങളിലും നടത്തും.