ഓട്ടോറിക്ഷകളില്‍ മീറ്ററിട്ടില്ലെങ്കില്‍ യാത്ര ഫ്രീ ; കര്‍ശന നടപടിയിലേക്ക് മോട്ടോര്‍ വാഹന വകുപ്പ്

ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നവർക്ക് സന്തോഷം നല്‍കുന്ന വാർത്തയാണ് പുറത്തുവരുന്നത്. അമിത കൂലിയും മീറ്റർ ഇടാത്തതുമായ പ്രശ്നങ്ങള്‍ക്ക് ഒടുവില്‍ പരിഹാരമാകുന്നു. മോട്ടോർ വാഹന വകുപ്പ് ഓട്ടോറിക്ഷകളില്‍ മീറ്റർ നിർബന്ധമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. ഇനി മീറ്റർ ഇല്ലാതെ ഓട്ടോറിക്ഷ ഓടിച്ചാല്‍ യാത്രക്കാർക്ക് പണം നല്‍കേണ്ടി വരില്ല. ഇത് സംബന്ധിച്ചുള്ള സുപ്രധാന ഉത്തരവ് ഈ ആഴ്ച തന്നെ മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കുമെന്നാണ് സൂചന.
എല്ലാ ഓട്ടോറിക്ഷകളിലും ‘മീറ്റർ ഇല്ലെങ്കില്‍ പണം നല്‍കേണ്ടതില്ല’ എന്ന സ്റ്റിക്കർ നിർബന്ധമായും പതിപ്പിക്കണമെന്ന് ഉത്തരവില്‍ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഓട്ടോറിക്ഷാ തൊഴിലാളികള്‍ തന്നെയാണ് ഈ സ്റ്റിക്കർ പതിപ്പിക്കേണ്ടത്. മീറ്റർ ഉണ്ടായിട്ടും അത് ഉപയോഗിക്കാത്ത ഡ്രൈവർമാർക്കെതിരെയും കർശന നടപടി ഉണ്ടാകും. ഇത് വഴി യാത്രക്കാർക്ക് അവരുടെ അവകാശത്തെക്കുറിച്ച് ബോധ്യം നല്‍കാനും അമിത ചാർജ് ഈടാക്കുന്നത് തടയാനും സാധിക്കുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ ദിവസം ചേർന്ന ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. മീറ്റർ ഇല്ലാത്ത ഓട്ടോറിക്ഷകള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു നടപടിയിലേക്ക് അധികൃതർ എത്തിയത്. യാത്രക്കാർ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുമ്ബോള്‍, ഓട്ടോറിക്ഷാ തൊഴിലാളികള്‍ ഇതിനോട് എത്രമാത്രം അനുകൂല നിലപാട് സ്വീകരിക്കുമെന്നത് കണ്ടറിയേണ്ടതാണ്.