എൻ.എം വിജയന്റെ ആത്മഹത്യ ; ഐ.സി ബാലകൃഷ്ണൻ എം.എല്‍.എയെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടു

ബത്തേരി : വയനാട് ഡി.സി.സി ട്രഷറർ എൻ.എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഐ.സി ബാലകൃഷ്ണൻ എം എല്‍ എ അറസ്റ്റില്‍. ചോദ്യം ചെയ്യല്‍ പൂർത്തിയാക്കിയതിന് പിന്നാലെ ഇന്ന് രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യ പ്രേരണകുറ്റമാണ് എം എല്‍എ യ്ക്കെതിരെ ചുമതിയത്. കേസില്‍ ഒന്നാം പ്രതിയാണ് എം എല്‍ എ. കല്‍പ്പറ്റ സെഷന്‍സ് കോടതിയുടെ ഉത്തരവുള്ളതിനാല്‍ അദ്ദേഹത്തെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
കഴിഞ്ഞ ദിവസം കേണിച്ചിറയിലുള്ള എം എല്‍ എയുടെ വസതിയില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. തുടർന്ന് ഇന്ന് രാവിലെ പുത്തൂർവയലിലുള്ള ജില്ലാ പോലീസ് ക്യാമ്ബില്‍ വെച്ച് അദ്ദേഹത്തെ ചോദ്യം ചെയ്തു. സുല്‍ത്താൻ ബത്തേരി ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. അതേസമയം എൻ എം വിജയന്റെ കത്തില്‍ പറഞ്ഞ സാമ്ബത്തിക ഇടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ഇന്ന് ചോദ്യം ചെയ്യലിനിടയിലും എം എല്‍ എ ആവർത്തിച്ചത്.
കേസില്‍ നേരത്തേ ഡി സി സി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ, മുൻ കോണ്‍ഗ്രസ് നേതാവ് കെ കെ ഗോപിനാഥൻ എന്നിവരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവർക്കും കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു. കെ പി സി സി അധ്യക്ഷൻ കെ സുധാകരന് നല്‍കാൻ എൻ എം വിജയൻ എഴുതിയ കത്തില്‍ മൂവരുടേയും പേര് പരാമർശിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എം എല്‍ എ അടക്കമുള്ളവരെ കേസില്‍ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തത്.
അതിനിടെ എൻ എം വിജയന്റെ ആത്മഹത്യയില്‍ കെ പി സി സി അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. കുടുംബത്തിന്റെ പരാതിയില്‍ ന്യായമുണ്ടെന്നാണ് നാലംഗ റിപ്പോർട്ടില്‍ പറയുന്നത്. എൻ എം വിജയന്റെ അക്കൗണ്ടില്‍ 1 കോടി 76 ലക്ഷത്തോളം രൂപ ഉണ്ടായിരുന്നുവെന്നും പലര‍്ക്കും നേരിട്ട് പണം നല്‍കാൻ ഉണ്ടായിരുന്നുവെന്നും കുടുംബം കമ്മീഷനോട് വ്യക്തമാക്കിയിരുന്നു. കുടുംബത്തിന് സംരക്ഷണം നല്‍കണമെന്നും സഹകരണ ബാങ്കുകളിലെ നിയമനങ്ങള്‍ സംബന്ധിച്ച് പാർട്ടി കൃത്യമായി ഇടപെടണമെന്നും പാർട്ടി തെറ്റായ പ്രവണതകള്‍ തടയണമെന്നും റിപ്പോർട്ടില്‍ പറയുന്നു.