April 1, 2025

കടുവയെ കൊല്ലാനാകില്ലെങ്കില്‍ ഞങ്ങളെ വെടിവെച്ചോളൂ ; പഞ്ചാരക്കൊല്ലിയിൽ വനംവകുപ്പിനെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍

Share

 

മാനന്തവാടി : കടുവയുടെ ആക്രമണത്തിൽ രാധ എന്ന സ്ത്രീ കൊല്ലപ്പെട്ടതിനെ തുടർന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമായി തർക്കം. വന്യമൃഗങ്ങളുടെ ആക്രമണം പെരുകുമ്പോൾ വനംവകുപ്പ് പ്രദേശ വാസികൾക്ക് വ്യക്തമായ നിർദ്ദേശമോ മുന്നറിയിപ്പോ നൽകുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. കടുവയെ കൊല്ലാനാകില്ലെങ്കിൽ ഞങ്ങളെ വെടിവെച്ചോളൂ എന്ന് നാട്ടുകാർ വനംവകുപ്പിനോട് ആവശ്യപ്പെട്ടു.

 

 

എന്തുകൊണ്ട് കടുവയെ പിടികൂടിയില്ല എന്ന് പ്രതിഷേധക്കാരിൽ ഒരാൾ ചോദിച്ചപ്പോൾ കടുവ തങ്ങളുടെ മുന്നിൽ നിൽക്കുകയല്ലല്ലോ എന്ന് ഒരു ഉദ്യോഗസ്ഥ ചോദിച്ചത് വലിയ തർക്കത്തിലേക്ക് നയിച്ചു. വനംവകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ എന്തുകൊണ്ട് സ്ഥലത്ത് എത്തിയില്ലെന്നും നാട്ടുകാർ ഉദ്യോഗസ്ഥരോട് ചോദിച്ചു.

 

‘കടുവയെ നേരിൽ കണ്ടാൽ നിങ്ങൾക്ക് കൊല്ലാനാകുമോ? അല്ലെങ്കിൽ നിങ്ങൾക്ക് കടുവയെ കണ്ടുപിടിക്കാനാകുമോ? എന്തുകൊണ്ടാണ് ബോധവൽക്കരണം നടത്താത്തത്? എന്തുകൊണ്ട് ഇവിടുത്തെ പഞ്ചായത്തും മുനിസിപ്പാലിറ്റിയുമായി നിങ്ങൾ ബന്ധപ്പെടുന്നില്ല? കടുവയെ കൊലപ്പെടുത്താൻ നിങ്ങൾക്ക് ലഭിച്ച ഉത്തരവിൽ ഞങ്ങൾക്ക് വ്യക്തത വേണം. ജനങ്ങളുടെ ആശങ്കകൾക്ക് മറുപടി വേണം. കടുവയെ കൊല്ലാനാകില്ലെങ്കിൽ തങ്ങളെ വെടിവെച്ച് കൊല്ലണം’- പ്രതിഷേധക്കാർ പറഞ്ഞു.

 

 

ബോധവൽക്കരണം നടത്തുന്നതുമായി സംബന്ധിച്ച് തങ്ങൾക്ക് നിർദ്ദേശം ഉണ്ടായിരുന്നുവെന്ന് ഉദ്യോ​ഗസ്ഥർ പ്രതിഷേധക്കാരോട് പറഞ്ഞു. വനവിഭവ ശേഖരണം നടത്തുന്നവരിൽ തങ്ങൾ ബോധവൽക്കരണം നടത്തിയിരുന്നു. കടുവയെ കണ്ടെത്താനും വെടിവെക്കാനുമാണ് ഉത്തരവ് ലഭിച്ചതെന്നും അവർ വിശദീകരിച്ചു. എന്നാൽ കടുവ കൂട്ടിൽ കയറിയാൽ വെടിവെയ്ക്കാനാകില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ തങ്ങൾ ചെയ്യാമെന്ന് നാട്ടുകാർ പറഞ്ഞു. കടുവയെ പിടികൂടി കൊല്ലുന്നതുവരെ തങ്ങൾ പിൻമാറില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.

 

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.