ആദിവാസി യുവാവിൻ്റെ മരണം : ഒരാൾ അറസ്റ്റിൽ

പുൽപ്പള്ളി : പുൽപള്ളി കാപ്പിസെറ്റ് ആച്ചനഹള്ളി പണിയ ഉന്നതിയിലെ ബാബുവിൻ്റെ കൊലപാതകത്തിൽ ഒരാളെ അറസ്റ്റ് ചെയ്‌തു. തൂപ്ര ഉന്നതിയിലെ സുമേഷി (33) നെയാണ് പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്‌തത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. ഇന്ന് പുൽപ്പള്ളിയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.
പാതയോരത്ത് അവ ശനിലയിൽ കണ്ടെത്തിയ ബാബുവിന്റെ വാരിയെല്ല് തകർന്ന് കരളിലേക്ക് കുത്തിക്കയറുകയും അതുവഴി ആന്തരിക രക്തസ്രാവമുണ്ടായിട്ടുണ്ടെന്നുമായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രദേശവാസികളിൽ നിന്ന് ലഭിച്ച വിവരങ്ങളും പോസ്റ്റ്മോർട്ടം റിപ്പോർട്ടും കൊലപാതകമാണെന്ന സൂചനയിലേക്ക് പോലീസിനെ എത്തിക്കുകയായിരുന്നു.
വ്യാഴാഴ്ച പുലർച്ചെയാണ് തൂപ്ര ഉന്നതിക്ക് സമീപത്തെ റോഡരികിൽ ബാബുവിനെ അവശനിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ നാട്ടുകാർ പുല്പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തി ലെത്തിച്ചു. ഇവിടെ ഡോക്ടറില്ലാത്തതിനാൽ ബത്തേരി ഗവ. ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.