ഇഞ്ചക്ഷൻ പേടിയുള്ളവരാണോ നിങ്ങള്‍, എങ്കില്‍ ഇതാ ഒരു സന്തോഷ വാര്‍ത്ത ; സൂചിയോ വേദനയോ ഇല്ലാത്ത സിറിഞ്ച് എത്തി

മുംബൈ: സൂചിയില്ലാത്ത സിറിഞ്ച് കണ്ടുപിടിച്ച് ബോംബെ ഐഐടി. സൂചി ഇല്ലാതെ തന്നെ മരുന്ന് ശരീരത്തിലെത്തിക്കാൻ കഴിയുന്ന ‘ഷോക്ക് സിറിഞ്ച്’ ആണ് കണ്ടെത്തിയത്. തൊലിക്ക് നാശം വരുത്തുകയോ അണുബാധയുണ്ടാക്കുകയോ ഇല്ലെന്നതാണ് പ്രത്യേകത. എയറോസ്‌പേസ് എൻജിനിയറിങ് അടിസ്ഥാനപ്പെടുത്തിയാണ് സിറിഞ്ച് വികസിപ്പിച്ചതെന്ന് കണ്ടെത്തലിന് നേതൃത്വം നല്‍കിയ വിരൻ മെനസസ് പറയുന്നു. ജേണല്‍ ഓഫ് ബയോമെഡിക്കല്‍ മെറ്റീരിയല്‍സ് ആൻഡ് ഡിവൈസിലാണ് പഠനം പ്രസിദ്ധീകരിച്ചത്. എലികളില്‍ പരീക്ഷിച്ചത് വിജയമാണെന്നും മനുഷ്യരില്‍ പരീക്ഷിച്ചതിന് ശേഷം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും സംഘം പറയുന്നു.
സൂചികളുള്ള സിറിഞ്ചുകളില്‍ നിന്ന് വ്യത്യസ്തമായി, ഷോക്ക് സിറിഞ്ച് ചർമ്മത്തില്‍ തുളച്ചുകയറാൻ ശബ്ദത്തിൻ്റെ വേഗതയേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാൻ കഴിയുന്ന ഉയർന്ന ഊർജ്ജ സമ്മർദ്ദ തരംഗങ്ങള്‍ (ഷോക്ക് വേവ്സ്) ഉപയോഗിക്കുന്നു. ശരീരത്തില്‍ തലമുടിയുടെ വീതിയുടെ അത്രയും ചെറിയ മുറിവ് മാത്രമാണുണ്ടാകുക. 2021-ല്‍ പ്രൊഫ. മെനെസെസിൻ്റെ ലാബില്‍ വികസിപ്പിച്ച ഷോക്ക് സിറിഞ്ചിന് സാധാരണ ബോള്‍പോയിൻ്റ് പേനയേക്കാള്‍ അല്‍പം നീളമുണ്ട്.
സിറിഞ്ചില്‍ പ്രഷറൈസ്ഡ് നൈട്രജൻ വാതകമാണ് പ്രയോഗിക്കുന്നത്. രോഗികള്‍ മരുന്ന് ശരീരത്തില്‍ എത്തുന്നത് അറിയുക പോലുമില്ലെന്നാണ് അവകാശവാദം. വില, മരുന്ന് വിതരണം എന്നിവയെക്കൂടി ആശ്രയിച്ചായിരിക്കും ഷോക്ക് സിറിഞ്ചുകളുടെ ക്ലിനിക്കല്‍ ഉപയോഗ സാധ്യത.