March 16, 2025

ഇന്ത്യയുടെ സ്പിന്‍ ഇതിഹാസം ആര്‍. അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

Share

 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍.ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടെയാണ് അപ്രതീക്ഷിത പ്രഖ്യാപനം. ബ്രിസ്ബന്‍ ടെസ്റ്റിന് ശേഷം രോഹിത് ശര്‍മയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 106 ടെസ്റ്റില്‍ നിന്ന് 537 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 116 ഏകദിനത്തില്‍ 156 വിക്കറ്റും 65 ട്വന്റി 20യില്‍ 72 വിക്കറ്റും സമ്ബാദിച്ചു. ടെസ്റ്റില്‍ 6 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ആകെ 3503 റണ്‍സ്.

 

2010 ജൂണിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്. 2011ല്‍ ഏകദിന ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമംഗമായിരുന്നു അശ്വിന്‍. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ താരവും (11) അശ്വിന്‍ തന്നെ. അനില്‍ കുംബ്ലേക്ക് ശേഷം ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളറും അശ്വിനാണ്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളില്‍ ഏഴാമതുണ്ട് അശ്വിന്‍. ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലാണ് അശ്വിന്‍ അവസാനമായി കളിച്ചത്.

 

വിരമിക്കല്‍ പ്രഖ്യാപനത്തില്‍ അശ്വിന്‍ സംസാരിച്ചതിങ്ങനെ… ”ഇന്ത്യന്‍ ക്രിക്കറ്റര്‍ എന്ന നിലയില്‍ അന്താരാഷ്ട്ര തലത്തില്‍ എല്ലാ ഫോര്‍മാറ്റുകളിലും ഇത് എന്റെ അവസാന വര്‍ഷമായിരിക്കും. ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയില്‍ എന്നില്‍ കുറച്ച്‌ കൂടി കളിക്കാന്‍ എനിക്ക് ശേഷിയുണ്ട്. പക്ഷേ, അത് ക്ലബ് തലത്തില്‍ തുടരും. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും എന്റെ നിരവധി ടീമംഗങ്ങള്‍ക്കുമൊപ്പം ഞാന്‍ ഒരുപാട് ഓര്‍മ്മകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അവരില്‍ ചിലര്‍ വിരമിച്ചുകഴിഞ്ഞു. നന്ദി പറയാന്‍ ഒരുപാട് പേരുണ്ട്, പക്ഷേ ബിസിസിഐയോടും സഹതാരങ്ങളോടും ഞാന്‍ നന്ദി പറയുന്നു. അവയില്‍ ചിലത് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. യാത്രയുടെ ഭാഗമായിട്ടുള്ള എല്ലാ പരിശീലകര്‍, രോഹിത്, വിരാട്, അജിന്‍ക്യ രഹാനനെ, ചേതേശ്വര്‍ പൂജാര.. എന്നിവരെല്ലാം എന്റെ യാത്രയുടെ ഭാഗമായവരാണ്. അവരാണ് എനിക്ക് കൂടുതല്‍ വിക്കറ്റുകളെടുക്കാന്‍ സഹായിച്ചത്. വളരെ കടുത്ത മത്സരാര്‍ത്ഥികളായിരുന്ന ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനും ഒരു വലിയ നന്ദി. പക്ഷേ ഇത് വളരെ വൈകാരികമായ ഒരു നിമിഷമാണ്. ഞാന്‍ ചോദ്യങ്ങള്‍ക്ക് ശരിയായ രീതിയില്‍ ഉത്തരം നല്‍കുന്ന ഒരു അവസ്ഥയിലാണെന്ന് ഞാന്‍ കരുതുന്നില്ല. അതിനാല്‍ ദയവായി എന്നോട് ക്ഷമിക്കൂ. ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി, അതെ, ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയില്‍ നിങ്ങളെ എല്ലാവരെയും ഉടന്‍ കാണും.” അശ്വിന്‍ പറഞ്ഞു.

 

എക്കാലത്തെയും മികച്ച ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ ഒരാളായ അശ്വിന്‍, 2016ല്‍ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍, ഐസിസി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡുകള്‍ നേടി. 2016ല്‍ ഇന്ത്യയ്ക്കുവേണ്ടി 12 ടെസ്റ്റ് മത്സരങ്ങളില്‍ 72 വിക്കറ്റുകള്‍ താരം വീഴ്ത്തി. അശ്വിന്‍ ഉടന്‍ തന്നെ ടീം ക്യാംപ് വിടുമെന്നും ഉടന്‍ നാട്ടിലേക്ക് തിരിക്കുമെന്ന് രോഹിത് വ്യക്തമാക്കി.

 

 

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.