വയനാട് ദുരന്തം : കേന്ദ്രത്തിന് കണക്ക് കൊടുത്തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍, നിഷേധിച്ച് കേന്ദ്രം

കൊച്ചി : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട കണക്കുകള്‍ കേന്ദ്ര സർക്കാരിന് കൈമാറിയെന്ന് സംസ്ഥാനം ഹൈക്കോടതിയില്‍. കോടതി നേരത്തേ നിർദേശിച്ചത് പ്രകാരമാണ് കണക്കുകള്‍ കൊടുത്തതെന്നും സർക്കാർ വ്യക്തമാക്കി. വിവരങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തും സർക്കാർ ഹൈക്കോടതിയില്‍ ഹാജരാക്കി.
എന്നാല്‍, കത്ത് ഔദ്യോഗികമായി ലഭിച്ചില്ലെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. തുടർന്ന് ഇന്ന് തന്നെ നടപടിക്രമങ്ങള്‍ പാലിച്ച് കത്തയക്കാമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കായി എത്ര രൂപ ഇപ്പോള്‍ നല്‍കാനാകുമെന്ന് കേന്ദ്രത്തോട് കോടതി ചോദിച്ചു. അപ്പോഴാണ് കത്ത് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചത്. ഇതോടെ കേസ് ജനുവരി പത്തിലേക്ക് മാറ്റി.
മദ്ധ്യസ്ഥ സ്വഭാവത്തിലാണ് കോടതി കേസില്‍ ഇടപെട്ടിരിക്കുന്നത്. കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയില്‍ നിന്നുകൊണ്ട് വയനാടിന് വേണ്ടി കണക്കുകള്‍ സമർപ്പിക്കാനാണ് കോടതി നേരത്തെയും ആവശ്യപ്പെട്ടത്. അതുപ്രകാരം, ദുരന്തനിവാരണ ഫണ്ടിലെ കണക്കുകള്‍ റവന്യു പ്രിൻസിപ്പല്‍ സെക്രട്ടറി ഇന്ന് കോടതിയെ അറിയിച്ചു. ഫണ്ടിലെ നീക്കിയിരുപ്പ് സംബന്ധിച്ച വ്യക്തതയാണ് കോടതി ആവശ്യപ്പെട്ടിരുന്നത്. ഫണ്ടില്‍ നിന്ന് ഇതുവരെ ചെലവാക്കിയ തുകയടക്കമുള്ള വിവരങ്ങള്‍ കൈമാറാനും കോടതി പറഞ്ഞിരുന്നു.
സംസ്ഥാനത്തിന്റെ ദുരിതാശ്വാസ ഫണ്ടില്‍ ശേഷിക്കുന്നത് 181 കോടി രൂപ മാത്രമെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് 120 കോടി രൂപ ചെലവഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് നല്‍കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. വയനാടിന് വേണ്ടി മാനദണ്ഡങ്ങളില്‍ ഇളവ് ചെയ്തുകൂടെ എന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു.
ദുരന്ത നിവാരണ ഫണ്ടിന്റെ പൂർണമായ കണക്ക് കോടതി മുമ്ബാകെ സർക്കാർ ഹാജരാക്കി. 700 കോടി രൂപയാണ് എസ്‌ഡിആർഎഫിലുള്ളത്. എന്നാല്‍, അതില്‍ 181 കോടി രൂപ മാത്രമേ ചെലവഴിക്കാൻ കഴിയൂ. ബാക്കിയുള്ള തുക മറ്റ് ആവശ്യങ്ങള്‍ക്കായി നീക്കി വച്ചിരിക്കുന്നതാണ്. ഈ 181 കോടി വയനാടിന് വേണ്ടി അടിയന്തിരമായി ചെലവഴിക്കാന്‍ കേന്ദ്ര മാനദണ്ഡങ്ങളില്‍ ചില ഇളവുകള്‍ വേണ്ടിവരും. അതിലുള്ള ശ്രമമാണ് ഇപ്പോള്‍ കോടതി നടത്തിയിരിക്കുന്നത്.