പെട്ടെന്നാണോ ടിക്കറ്റ് ആവശ്യം വന്നത് ? ചാര്‍ട്ട് തയ്യാറാക്കിയാലും ഓണ്‍ലൈൻ റിസര്‍വേഷൻ ചെയ്യാൻ ഒരു വഴിയുണ്ട്

അവസാന നിമിഷമാണ് നിങ്ങള്‍ ട്രിപ്പ് പ്ലാൻ ചെയ്യുന്നതെങ്കില്‍ ട്രെയിൻ ടിക്കറ്റ് കിട്ടുന്നത് കുറച്ച് ബുദ്ധിമുട്ടായിരിക്കും. ആഴ്ച്ചകള്‍ക്കും മാസങ്ങള്‍ക്കും മുൻപ് ടിക്കറ്റ് എടുക്കേണ്ട അവസ്ഥയാണ് പലപ്പോഴും. എന്നാല്‍ ഇനി അങ്ങനെ വിഷമിക്കണ്ട ആവശ്യമില്ല. പലർക്കും അറിയാത്ത ഒരു കാര്യമുണ്ട്. ചാർട്ട് തയ്യാറാക്കിയാലും ഓണ്‍ലൈൻ റിസർവേഷനിലൂടെ ടിക്കറ്റ് സ്വന്തമാക്കാൻ ഒരു വഴിയുണ്ട്.
ഇന്ത്യൻ റെയില്‍വേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്‍ ചാർട്ട് തയ്യാറാക്കി പുറത്തു വിട്ടതിനു ശേഷവും ടിക്കറ്റ് റിസേര്‍വ് ചെയ്യാനായി ‘കറൻ്റ് ടിക്കറ്റ്’ എടുക്കാം. ട്രെയിൻ ഷെഡ്യൂള്‍ ചെയ്ത സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്നതിന്റെ കൃത്യം 60 ദിവസം മുമ്ബാണ് റെയില്‍വേ സാധാരണയായി ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് വിൻഡോ തുറക്കുന്നത്. ഇനി അഥവാ ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലെങ്കില്‍ ചാർട്ട് തയ്യാറാക്കുന്നതിന് ഒരു ദിവസം മുൻപ് രാവിലെ 11 മണിയ്ക്ക് ശേഷം തത്കാല്‍ ക്വാട്ട ടിക്കറ്റ് ബുക്കിംഗ് തുറക്കും. എതെങ്കിലും ടിക്കറ്റ് ക്യാൻസല്‍ ചെയ്യുന്നുണ്ടെങ്കില്‍ ഐ ആർ സി ടി സി കറൻ്റ് ടിക്കറ്റുകള്‍ നല്‍കും.
സാധാരണയായി ട്രെയിൻ സ്റ്റേഷനില്‍ നിന്നെടുത്ത് നാല് മണിക്കൂർ മുൻപ് മുതലാണ് കറൻ്റ് ടിക്കറ്റുകള്‍ എടുക്കാൻ സാധിക്കുക. ട്രെയിൻ എടുക്കുന്നതിന് 5 മിനിറ്റ് മുൻപ് വരെയും കറൻ്റ് ടിക്കറ്റുകള്‍ എടുക്കാൻ സാധിക്കും. ട്രെയിൻ ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന അതേ വിൻഡോയില്‍ നിന്ന് തന്നെയാണ് കറൻ്റ് ടിക്കറ്റും എടുക്കാൻ സാധിക്കുക.