ഓട്ടോ ഡ്രൈവറെ ജീപ്പിടിച്ച് കൊലപ്പെടുത്തി : സഹോദരങ്ങൾ അറസ്റ്റില്‍

വൈത്തിരി : ചുണ്ടേലില്‍ ഥാര്‍ജീപ്പിടിച്ച് ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്‍മാരായ പ്രതികളെ വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തു. ഥാര്‍ ജീപ്പ് ഓടിച്ച സുമിന്‍ഷാദ്, സഹോദരന്‍ സുജിന്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്.
ചുണ്ടേല്‍ കാപ്പംകുന്ന് സ്വദേശി നവാസാണ് കൊല്ലപ്പെട്ടത്. നവാസിനോടുള്ള വ്യക്തി വൈരാഗ്യം മൂലമായിരുന്നു കൊലപാതകം. ഓട്ടോറിക്ഷയില്‍ നവാസ് കയറി പോകുന്ന കാര്യം സുജിന്‍ഷാദ് സഹോദരനായ സുമിന്‍ഷാദിനെ ഫോണില്‍ വിളിച്ചറിയിക്കുകയും റോഡരികില്‍ വാഹനത്തില്‍ കാത്തിരിക്കുകയായിരുന്ന സുമിന്‍ഷാദ് അമിത വേഗത്തിലെത്തി ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു.
തിങ്കളാഴ്ച രാവിലെ ചുണ്ടേല്‍ എസ്റ്റേറ്റ് റോഡില്‍ വെച്ചായിരുന്നു സംഭവം. ഇരുവരുടേയും മൊഴിയുടേയും സിസിടിവിയടക്കമുള്ള മറ്റു തെളിവുകളുടേയും അടിസ്ഥാനത്തിലാണ് അപകടം കരുതികൂട്ടിയുള്ള കൊലപാതകമാണെന്ന് വ്യക്തമായതെന്ന് കല്‍പ്പറ്റ ഡിവൈഎസ്പി ബിജുരാജ് പറഞ്ഞു.
സുമിന്‍ഷാദ് റോഡരികില്‍ ഥാറില്‍ കാത്തുനില്‍ക്കുന്നതും പിന്നീട് ഫോണ്‍ വന്നപ്പോള്‍ വേഗത്തില്‍ പോകുന്നത് കണ്ടതായും സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇക്കാര്യം വ്യക്തമാകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
കുറച്ച് കാലമായി നവാസിനോട് പ്രതികള്‍ക്ക് വ്യക്തി വൈരാഗ്യമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസം ഇവരുടെ ഹോട്ടലിന് മുന്നില്‍ ആഭിചാരക്രിയ നടത്തിയത് നവാസാണെന്ന് ഉറപ്പിച്ചാണ് നവാസിനെ അപകടപ്പെടുത്താന്‍ പെട്ടെന്ന് ഇവര്‍ തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞു.
കോഴിത്തലയില്‍ കൂടോത്രം ചെയ്യുന്ന സിസിടിവി ദൃശ്യം കണ്ടതിലാണ് പ്രതികള്‍ക്ക് നവാസിനോട് വൈരാഗ്യം കൂടാന്‍ കാരണമായത്. സുബിന്‍ഷാദിന്റെയും നവാസിന്റെയും കടകള്‍ റോഡിന് ഇരുവശമായാണ് സ്ഥിതിചെയ്യുന്നത്. ഇതിനിടെ നവാസിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ഇന്നലെ സുബിന്‍ ഷായുടെ ഹോട്ടല്‍ ഒരു സംഘം അടിച്ചു തകര്‍ത്തിരുന്നു. കൊലപാതകത്തില്‍ കൂടുതല്‍ ആളുകള്‍ ഗൂഢാലോചനനടത്തിയിട്ടുണ്ടോ എന്ന് സംബന്ധിച്ച് അന്വേഷിക്കുമെന്നും
കല്‍പ്പറ്റ ഡിവൈഎസ്പി ബിജുരാജ് പറഞ്ഞു.
നിലമ്പൂര്‍ സ്വദേശികളായ പ്രതികള്‍ നിലവില്‍ ഹോട്ടല്‍ ബിസിനസുമായി ബന്ധപ്പെട്ട് കല്‍പ്പറ്റയില്‍ വാടകയ്ക്ക് താമസിച്ച് വരികയാണ്. അറസ്റ്റ് ചെയ്ത പ്രതികളെ വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കും.