ചുണ്ടേലിലെ ഓട്ടോ ഡ്രൈവറുടെ മരണം : രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ

വൈത്തിരി : ചുണ്ടേലില്‍ ഥാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവര്‍ നവാസ് മരിച്ച സംഭവം കൊലപാതകമെന്ന് വ്യക്തമായി. നവാസിനോടുള്ള വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് ഥാര്‍ ജീപ്പ് ഡ്രൈവര്‍ സുമിന്‍ഷാദും, സഹോദരന്‍ സുജിന്‍ഷാദും നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് സൂചന. ഇരുവരുടേയും മൊഴിയുടേയും സിസിടിവിയടക്കമുള്ള മറ്റു തെളിവുകളുടേയും അടിസ്ഥാനത്തിലാണ് അപകടം കരുതി കൂട്ടിയുള്ള കൊലപാതകമാണെന്ന് വ്യക്തമായത്. എന്നാല്‍ സംഭവത്തെ കുറിച്ച് പോലീസ് ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. നവാസിന്റെ മരണത്തില്‍
ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കൂടാതെ അപകട സ്ഥലത്തെത്തിയ നാട്ടുകാര്‍ തുടക്കം മുതലേ അപകടത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
ജീപ്പ് ഓടിച്ചിരുന്ന സുബിന്‍ഷാദും, സഹോദരനും പോലീസ് കസ്റ്റഡിയിലാണ്. ഇവരുടെ അറസ്റ്റ് ഉച്ചയോടെയുണ്ടാകുമെന്നാണ് സൂചന. സുബിന്‍ഷാദിന്റെയും നവാസിന്റെയും കടകള്‍ റോഡിന് ഇരുവശമായാണ് സ്ഥിതിചെയ്യുന്നത്. ഇതിനിടെ നവാസിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം സുബിന്‍ ഷായുടെ ഹോട്ടല്‍ ഒരു സംഘം അടിച്ചു തകര്‍ത്തിരുന്നു.
ഈ ഹോട്ടലിന്റെ മുന്‍വശത്ത് രണ്ട് ദിവസം മുന്‍പ് അജ്ഞാതന്‍ ആഭിചാര ക്രിയ ചെയ്യുന്ന സിസിടിവി ദൃശ്യവും പുറത്തു വന്നിട്ടുണ്ട്. ഇതില്‍ നവാസിന് പങ്കുണ്ടെന്ന വിശ്വാസവും സുബിന്‍ഷാദിന്റെ വ്യക്തി വൈരാഗ്യം കൂട്ടിയതായാണ്സൂചന.