ചുണ്ടേലിൽ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവം ; ആസൂത്രിത കൊലപാതകമെന്ന് ബന്ധുക്കള്‍

വൈത്തിരി : ചുണ്ടേലിലെ വാഹനാപകടത്തില്‍ ദുരൂഹത. സംഭവം ആസൂത്രിത കൊലപാകമെന്ന ആരോപണവുമായി ഥാർ ജീപ്പ് ഇടിച്ചു മരിച്ച ഓട്ടോ ഡ്രൈവർ നവാസിന്റെ ബന്ധുക്കള്‍ പോലീസിനെ സമീപിച്ചു. നവാസും ജീപ്പ് ഓടിച്ചിരുന്ന സുബില്‍ഷായും തമ്മില്‍ വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നു എന്നാണ് ആരോപണം. ഇതിനിടെ സുബില്‍ ഷായുടെ ഹോട്ടല്‍ ഒരു സംഘം അടിച്ചു തകർത്തു.
ചുണ്ടേല്‍ തിങ്കളാഴ്ച ഉണ്ടായ വാഹനാപകടത്തിലാണ് വഴിത്തിരിവ്. സംഭവം അപകടമല്ല കൊലപാതകം ആണെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. നവാസും സുബില്‍ ഷായും തമ്മില്‍ വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഇതിനെ തുടർന്നുണ്ടായ ആസൂത്രിത കൊലപാതകമാണ് നടന്നതെന്നുമാണ് കുടുംബത്തിൻറെ പരാതി. വൈത്തിരി പോലീസില്‍ കുടുംബം പരാതി നല്‍കി.
സുബില്‍ ഷാ നവാസിനെ വിളിച്ചു വരുത്തിയതാണ് എന്നാണ് ആരോപണം. സുബില്‍ഷായുടെയും നവാസിന്റെയും കടകള്‍ അടുത്തടുത്താണ് സ്ഥിതിചെയ്യുന്നത്. സിസിടിവി അടക്കം പരിശോധിച്ചാല്‍ കൂടുതല്‍ തെളിവുകള്‍ ലഭ്യമാകുമെന്നും ബന്ധുക്കള്‍ പറയുന്നു. ഇതിനിടെ സുബില്‍ഷായുടെ ചുണ്ടേലുള്ള ഹോട്ടലിന് നേരെ ആക്രമണം ഉണ്ടായി. ഒരു സംഘം ആളുകള്‍ ഹോട്ടല്‍ അടിച്ച് തകർത്തു.
തിങ്കളാഴ്ചയാണ് ചുണ്ടേല്‍ വച്ച് ഥാർ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചത്. ഓട്ടോ ഓടിച്ചിരുന്ന നവാസ് മരിക്കുകയും ജീപ്പ് ഓടിച്ചിരുന്ന സുബില്‍ ഷായ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് സുബില്‍ ഷായ്ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.