March 15, 2025

സുപ്രധാന കണ്ടെത്തലുമായി ഐ.സി.എം.ആര്‍ ; കേരളത്തിലെ ഇറച്ചിക്കോഴികളില്‍ മരുന്നുകളെ മറികടക്കുന്ന ബാക്ടീരിയകള്‍

Share

 

തിരുവനനന്തപുരം : കേരളത്തിലെ ഇറച്ചിക്കോഴികളില്‍ മരുന്നുകളെ അതിജീവിക്കുന്ന ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ച്‌ ഐ.സി.എം.ആർ.ആന്‍റിബയോട്ടിക് പ്രതിരോധം എന്നറിയപ്പെടുന്ന ഈ ഗുരുതര സാഹചര്യത്തെ തടയുന്നതിന് ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ തീവ്രയജ്ഞം നടക്കുമ്ബോഴാണ് നിർണായകമായ കണ്ടെത്തല്‍. കേരളത്തിനു പുറമേ, തെലങ്കാനയില്‍നിന്നുള്ള സാമ്ബിളുകളിലും ജീൻ പ്രൊഫൈല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വ്യവസായികാടിസ്ഥാനത്തില്‍ പ്രൗള്‍ട്രി ഫാമുകള്‍ ആരംഭിച്ചതോടെ കോഴിവളർത്തലിന് വ്യാപകമായി ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്ന സ്ഥിതിയുണ്ട്.

 

ഇതാണ് ആന്‍റിബയോട്ടിക്കുകളെ അതിജീവിക്കുന്ന ബാക്ടീരിയ സാന്നിധ്യത്തിന് (ആന്‍റിബയോട്ടിക് പ്രതിരോധം) കാരണമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. ഐ.സി.എം.ആറിലെ ശാസ്ത്രജ്ഞൻ ഡോ. ഷോബി വേളേരിയുടെ നേതൃത്വത്തില്‍ അജ്മല്‍ അസീം, പ്രാർഥി സാഗർ, എൻ. സംയുക്തകുമാർ റെഡ്ഡി എന്നിവരടങ്ങുന്ന സംഘമാണ് പഠനം നടത്തിയത്. ഐ.സി.എം.ആർ – നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യനിലെ (ഹൈദരാബാദ്) ഡ്രഗ്സ് സേഫ്റ്റി ഡിവിഷൻ ഒരു അന്താരാഷ്ട്ര ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

 

ദക്ഷിണേന്ത്യയിലെ ബ്രോയിലർ കോഴികളില്‍ ആന്‍റിബയോട്ടിക് പ്രതിരോധം വർധിക്കുന്നതായി നേരത്തേതന്നെ സൂചനകളുണ്ടെങ്കിലും ഇതിനെ ശാസ്ത്രീമായി സാധൂകരിക്കുന്ന പഠനങ്ങളോ ഡേറ്റകളോ ഉണ്ടായിരുന്നില്ല. വിവിധ മേഖലകളില്‍നിന്ന് കോഴിവിസർജ്യം ശേഖരിക്കുകയും ഡി.എൻ.എ വേർതിരിച്ച്‌ പഠന വിധേയമാക്കുകയുമാണ് സംഘം ചെയ്തത്. ഗ്രാം നെഗറ്റിവ്, ഗ്രാം പോസിറ്റിവ് എന്നിങ്ങനെ രണ്ടുതരത്തിലാണ് ബാക്ടീരിയകളെ തരംതിരിച്ചിരിക്കുന്നതെന്ന് ഡോ. ഷോബി വേളേരി ‘മാധ്യമ’ത്തോട് പറഞ്ഞു. ‘ഏറ്റവും അപകടകാരികളാണ് ഗ്രാം നെഗറ്റിവ് വിഭാഗത്തിലുള്ളവ.

 

തലയില്‍ ഹെല്‍മറ്റ് വെച്ചതിന് സമാനമായി മരുന്നുകളേശാത്ത വിധത്തിലുള്ള അധിക സുരക്ഷ പാളി സ്വതവേ ഇവയ്ക്കുണ്ട്. ഇത്തരം ബാക്ടീരിയകള്‍ ആന്‍റിബയോട്ടിക് പ്രതിരോധം കൂടി ആർജിച്ചാല്‍ ഇവ മരുന്നുകളില്‍നിന്ന് ഇരട്ടി സുരക്ഷിതമാകും. ഇതാകട്ടെ കൂടുതല്‍ അപകടകരമാണ്. കേരളത്തില്‍നിന്നുള്ള സാമ്ബിളുകളില്‍ ഗ്രാം നെഗറ്റിവ് ബാക്ടീരിയകളുമുണ്ടെന്നതാണ് ആശങ്കകര’മെന്നും അദ്ദേഹം പറഞ്ഞു.

 

കണ്ടെത്തിയത് അപകടകാരികളായ ബാക്ടീരിയകളെ

 

മരുന്നുകളെ അതിജീവിച്ച അപകടകാരികളായ ബാക്ടീരിയകളുടെ പട്ടിക ഐ.സി.എം.ആർ തയാറാക്കിയിട്ടുണ്ട്. ഇതില്‍ ന്യുമോണിയക്ക് കാരണമാകുന്ന ക്ലബ്സില്ല ന്യുമോണിയ സ്റ്റഫലോകോക്കസ്, വയറിളക്ക രോഗങ്ങള്‍ക്ക് കാരണമാകുന്ന ഇ-കോളി, ത്വഗ്രോഗങ്ങള്‍ക്ക് കാരണമാകുന്ന സ്റ്റഫലോകോക്കസ് എന്നിവയടക്കം കേരളത്തില്‍നിന്നുള്ള ഇറച്ചിക്കോഴികളില്‍ കണ്ടെത്തി.

 

ശ്വാസകോശ രോഗങ്ങള്‍ക്കു പുറമേ, മൂത്രാശയ അണുബാധ, ഉദരസംബന്ധമായ അണുബാധ എന്നിവക്ക് കാരണമാകുന്ന ബാക്ടീരിയകളും ഇക്കൂട്ടത്തിലുണ്ട്. പാകം ചെയ്താലും ചില ബാക്ടീരിയകള്‍ നിലനില്‍ക്കും. നിലവില്‍ ന്യൂമോണിയക്ക് മരുന്നുണ്ട്. പക്ഷേ, അതിജീവന ശേഷി നേടിയ ഈ ബാക്ടീരിയകള്‍ മൂലമുള്ള രോഗബാധകളില്‍ മരുന്നുകള്‍ ഫലിക്കില്ലെന്നതിനാല്‍ ചികിത്സ പ്രതിസന്ധിയിലാകുമെന്നതാണ് പൊതുജനാരോഗ്യ ആരോഗ്യ സംവിധാനങ്ങള്‍ നേരിടുന്ന വെല്ലുവിളി.

 

കൂടുതല്‍ തെക്കൻ മേഖലയില്‍

 

കേരളത്തെ മൂന്ന് സോണുകളായി തിരിച്ചാണ് പഠനത്തിനായി സാമ്ബിളുകള്‍ സമാഹരിച്ചത്. മലപ്പുറം, കണ്ണൂർ ജില്ലകളാണ് വടക്കൻ സോണിലും എറണാകുളവും കോട്ടയവും മധ്യമേഖലയിലും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകള്‍ തെക്കൻ മേഖലയിലും ഉള്‍പ്പെടുന്നു. മറ്റു മേഖലകളെ അപേക്ഷിച്ച്‌ തെക്കൻ മേഖലയിലാണ് ഇത്തരം ബാക്ടീരിയകളുടെ സാന്നിധ്യം ഏറെയുള്ളത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.