ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച അരിയും റവയും ; മേപ്പാടി പഞ്ചായത്തില്‍ പ്രതിഷേധം

മേപ്പാടി : ചൂരല്‍മല ദുരന്ത ബാധിതർക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കളെന്ന് പരാതി. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളാണ് പഞ്ചായത്ത് വിതരണം ചെയ്തതെന്നാണ് പരാതി. അഞ്ച് ഭക്ഷ്യ കിറ്റുകളാണ് പുഴുവിനെ കണ്ടത്. യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്ത കിറ്റിലാണ് ആരോപണം ഉയര്‍ന്നത്.
അരി, റവ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഉപയോഗിക്കാനാവില്ലെന്ന് ഗുണഭോക്താക്കള്‍ പറയുന്നു. മൃഗങ്ങള്‍ക്ക് പോലും നല്‍കാന്‍ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നല്‍കിയിരിക്കുന്നതെന്നും വസ്ത്രങ്ങള്‍ ഉപയോഗിച്ചവയാണെന്നും ദുരന്ത ബാധിതർ ആരോപിക്കുന്നു. സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നല്‍കിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതർക്ക് നല്‍കിയത് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. കിറ്റുകള്‍ വിതരണം ചെയ്തത് ഉദ്യോഗസ്ഥർ ആണെന്ന് മേപ്പാടി പഞ്ചായത്തിലെ ജൂനിയർ സൂപ്രണ്ട് പ്രതികരിച്ചു. പഞ്ചായത്ത് സ്വന്തമായി കിറ്റുകള്‍ വിതരണം ചെയ്യുന്നില്ല. റവന്യൂ വകുപ്പില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നുമാണ് കിറ്റുകള്‍ കിട്ടിയതെന്നും സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ ഭക്ഷ്യസാധനങ്ങളുമായി ദുരന്തബാധിതർ പഞ്ചായത്തിലെത്തി പ്രതിഷേധിച്ചു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഉപരോധിച്ചു. പുഴുവരിച്ച അരി ഉള്‍പ്പെടെ പഞ്ചായത്തിന് മുന്നിലിട്ടാണ് പ്രതിഷേധം. പഞ്ചായത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞു. കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തേക്ക് സംഘടിച്ചെത്തിയതോടെ ഇരുകൂട്ടരും ചേരിതിരിഞ്ഞ് പോരടിക്കുകയാണ്.