സംസ്ഥാനത്ത് റേഷൻ കാര്‍ഡ് മസ്റ്ററിങ് നവംബര്‍ 30 വരെ നീട്ടി

സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് നവംബർ 30 വരെ നീട്ടി. 85 ശതമാനം ആളുകള്‍ മസ്റ്ററിങ് പൂർത്തിയാക്കിയിട്ടുണ്ട്.ഏറ്റവും കൂടുതല്‍ മുൻഗണനാ റേഷൻ കാർഡ് അംഗങ്ങള്‍ മസ്റ്ററിങ് നടത്തിയ രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം.
മസ്റ്ററിങ്ങിനെ കുറിച്ച് നിരവധി ആശങ്കകളുണ്ടായിരുന്നു. റേഷൻ വ്യാപാരികളില്‍നിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്നും മന്ത്രി ജി.ആർ അനില്‍ പറഞ്ഞു.
ഐറിഷ് സ്‌കാനർ ഉപയോഗിച്ചുള്ള മസ്റ്ററിങ് നടപടികള്‍ നവംബർ അഞ്ചിന് ശേഷം തുടരും. നവംബർ 11 മുതല്‍ ‘മേരാ EKYC’ ആപ്പ് വഴിയും മസ്റ്ററിങ് നടത്താം.
Mera ration EKYC ആപ്പും ആധാർ വിവരങ്ങള്‍ നല്‍കാൻ AadharfaceRD ആപ്പും ഡൗണ്‍ലോഡ് ചെയ്ത് വിവരങ്ങള്‍ നല്‍കിയാല്‍ മസ്റ്ററിങ് പൂർത്തിയാക്കാം. ഇത് യാഥാർഥ്യമായാല്‍ ഇന്ത്യയിലെ ഏത് ഭാഗത്തുള്ള ആളുകള്‍ക്കും മസ്റ്ററിങ്ങില്‍ പങ്കെടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
മസ്റ്ററിങ് നടപടികള്‍ പൂർത്തിയാക്കാത്ത ആർക്കും അരി നിഷേധിച്ചിട്ടില്ല. അത് സർക്കാർ നിലപാടല്ല. ഇക്കാര്യത്തില്‍ പലരും വ്യാജ വാർത്ത ചമക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.