പുനരധിവാസം വൈകുന്നു ; വയനാട് കളക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തി മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതർ
കല്‍പ്പറ്റ : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വയനാട് കളക്‌ട്രേറ്റിനു മുന്നില്‍ പ്രതിഷേധവുമായി ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർ. പുനരധിവാസം വൈകുന്നത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധർണ നടത്തിയത്.
മൂന്ന് വാർഡുകളിലെ മുഴുവൻ ആളുകളെയും ദുരന്തബാധിതരായി പ്രഖ്യാപിക്കണമെന്നും കേന്ദ്രസർക്കാർ ഉടൻ പാക്കേജ് അനുവദിക്കണമെന്നും സമരസമിതി ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമോയെന്ന് പരിശോധിക്കുന്നതായി കേന്ദ്രസർക്കാർ. ഇക്കാര്യത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ തീരുമാനമുണ്ടാകുമെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു.വയനാട് ദുരന്തവുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി പരിഗണിക്കവേയാണ് കേന്ദ്രം നിലപാട് അറിയിച്ചത്. എല്‍-3 വിഭാഗത്തില്‍പ്പെടുന്ന ദേശീയ ദുരന്തമായി വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെ പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി കോടതിയില്‍ റിപ്പോർട്ട് നല്‍കിയിരുന്നു.
ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും റിപ്പോർട്ടില്‍ അമിക്കസ് ക്യൂറി പറഞ്ഞു. ഇതുസംബന്ധിച്ച് ഹൈക്കോടതി വിശദീകരണം തേടിയപ്പോഴാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്.
ദുരിതബാധിതർക്ക് പണം കിട്ടാത്തതായി വാർത്തകള്‍ ഉണ്ടല്ലോ എന്നും കോടതി ചോദിച്ചു. പ്രതിദിനം 300 രൂപ ദുരന്തബാധിതർക്ക് നല്‍കുന്ന സ്കിം നീട്ടുമെന്ന് സംസ്ഥാന സർക്കാരും കോടതിയെ അറിയിച്ചു.
പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ പാരാമെട്രിക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്നും അമിക്കസ് ക്യൂറി അഭിപ്രായപ്പെട്ടു. ഈ പദ്ധതിയില്‍ സ്വകാര്യ മേഖലയെയും സഹകരിപ്പിക്കാമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ നാഗാലാന്‍ഡ് മാതൃകയില്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കണമെന്നും അമികസ് ക്യൂറി റിപ്പോർട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. ഹർജി നവംബർ 15ന് വീണ്ടും പരിഗണിക്കും.