വാട്ടർ അതോറിറ്റിയുടെ അനാസ്ഥ : പച്ചിലക്കാടിൽ കുടിവെള്ളം റോഡിലൂടെ പരന്നൊഴുകുന്നു

കണിയാമ്പറ്റ : പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു. കൽപ്പറ്റ – മാനന്തവാടി സംസ്ഥാന പാതയിൽ പച്ചിലക്കാട് ടൗണിന് സമീപമാണ് പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നത്. 15 ദിവസത്തോളമായി കുടിവെള്ളം റോഡിലൂടെ പരന്നൊഴുകുകയാണ്. നാട്ടുകാർ ജല അതോറിറ്റിയിൽ പല കുറി പരാതിപ്പെട്ടിട്ടും നന്നാക്കാത്തത് പ്രതിഷേധങ്ങൾക്കിടയാക്കുന്നു.
പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നതോടെ പച്ചിലക്കാട് തെക്കൻകനി നിവാസികൾ കുടിവെള്ളമില്ലാതെ നെട്ടോട്ടമോടുകയാണ്. ശുദ്ധജല കുടിവെള്ള പദ്ധതിയെ മാത്രം ആശ്രയിച്ച് കഴിയുന്ന 25 ഓളം കുടുംബങ്ങൾ പത്തു ദിവസത്തിലേറെയായി പ്രയാസ്സത്തിലാണ്. വിളമ്പുകണ്ടം പുഴയിലെ വെള്ളം
കമ്പളക്കാട് നിന്നും ശുദ്ധീകരിച്ചാണ് കണിയാമ്പറ്റ പഞ്ചായത്തിലെ പച്ചിലക്കാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് പൈപ്പ്ലൈൻ വഴി കുടിവെള്ളമെത്തുന്നത്. ഇപ്പോൾ വെള്ളം പമ്പ് ചെയ്യുന്ന ദിവസങ്ങളിൽ നേരിയ തോതിലാണ് തെക്കൻകനി ഭാഗത്ത് വെള്ളം കിട്ടുന്നത്. ശേഷിക്കുന്ന ലിറ്റർ കണക്കിന് ശുദ്ധജലം റോഡിലൂടെ പരന്നൊഴുകുകയാണ്. പൈപ്പ് ലൈനിൻ്റെ വാൾവിന് ലീക്ക് സംഭവിച്ചതാണ് വെള്ളം പാഴാവാൻ കാരണമെന്നാണ് ജല അതോറിറ്റി അധികൃതർ നൽകുന്ന വിശദീകരണം. ഉടൻ നന്നാക്കാമെന്ന് പറഞ്ഞെങ്കിലും ചെയ്യുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
ചിത്രം : പച്ചിലക്കാട് ടൗണിന് സമീപം പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലൂടെ ഒഴുകുന്നു