മില്ലുമുക്ക് – വെള്ളച്ചിമൂല റോഡിൽ ദുരിതയാത്ര

കണിയാമ്പറ്റ : മില്ലുമുക്ക് – വെള്ളച്ചിമൂല റോഡിൽ ദുരിതയാത്ര. കണിയാമ്പറ്റ പഞ്ചായത്തിലെ 14, 15, 16 വാർഡുകളിൽപ്പെടുന്ന റോഡിൽ വൻ ഗർത്തങ്ങളും പാടെ തകർന്നതും നാട്ടുകാരെ പ്രയാസ്സത്തിലാക്കുകയാണ്.
ചുണ്ടക്കര മുതൽ വെള്ളച്ചിമൂല വരെ പ്രധാനമന്ത്രിയുടെ ഗ്രാമീണ സടക് യോജന പദ്ധതിയിലൂടെ റോഡെത്തിയെങ്കിലും വെള്ളച്ചിമൂല കഴിഞ്ഞ് മില്ലുമുക്കിൽ എത്തണമെങ്കിൽ നടുവൊടിക്കേണ്ട അവസ്ഥയാണ്. മല്ലുമുക്ക് മുതൽ അരക്കിലോ മീറ്ററോളം ദൂരം കഴിഞ്ഞ വർഷം ജില്ലാ പഞ്ചായത്തിന്റെ 35 ലക്ഷം രൂപയോളം വിനിയോഗിച്ച് പുനരുദ്ധാരണം നടത്തിയിരുന്നു. ശേഷിക്കുന്ന മധ്യഭാഗത്തെ 800 മീറ്ററോളം ഭാഗം പ്രവൃത്തികൾ നടത്താത്തതാണ് പ്രശ്നം. റോഡിൽ 300 മീറ്ററോളം ഭാഗം പാടെ തകർന്ന അവസ്ഥയിലാണ്. വലിയ കുഴികൾ രൂപപ്പെട്ട് വെള്ളം തളംകെട്ടിക്കിടക്കുകയാണ്. വാഹനങ്ങൾ പോവുമ്പോൾ അടി തട്ടുന്നതും അപകടത്തിൽപ്പെടുന്നതും പതിവാണ്. ഈ കുഴി കഴിഞ്ഞുള്ള കുത്തനെയുള കയറ്റത്തിൽ ടാറിംഗ് ഇളകിമാറി കല്ലുപോലും കാണാനില്ലാത്ത അവസ്ഥയാണ്. അതിനാൽ കയറ്റം കയറാനും ഇറക്കമിറങ്ങാനും യാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. പള്ളിക്കുന്ന്, അരിഞ്ചേർമല, കണിയാമ്പറ്റ തുടങ്ങി സ്കൂൾ വിദ്യാർഥികളും മറ്റ് യാത്രക്കാരും ദിനേന ആശ്രയിക്കുന്ന റോഡായിട്ടും നന്നാക്കാത്തത് പ്രതിഷേധത്തിനിടയാക്കുകയാണ്. മില്ലുമുക്കിൽ നിന്നും പള്ളിക്കുന്നിലേക്കുള്ള എളുപ്പവഴി കൂടിയാണിത്.
തുക വകയിരുത്തിയിട്ടുണ്ട് – ജെസി ലെസ്ലി ( 14 -ാം വാർഡംഗം )
റോഡിന്റെ ശോച്യാസ്ഥ പരിഹരിക്കാൻ 13 ലക്ഷം രൂപ വകയിരുത്തിട്ടുണ്ട്. നടപടികൾ പുരോഗമിക്കുകയാണ്. ഉടൻ നിർമാണം ആരംഭിക്കും. എന്നാൽ 14-ാം വാർഡ് പരിധി കഴിഞ്ഞുള്ള രണ്ടു വാർഡുകളിൽ കൂടി പ്രവൃത്തി നടത്തിയാലേ റോഡ് പൂർത്തിയാവുകയുള്ളൂ. അതിനായി ഇരു വാർഡംഗങ്ങളോടും തുക വകയിരുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം റോഡിനായി തുക വച്ചെങ്കിലും സാങ്കേതിക തകരാറുകൾ മൂലം പ്രവൃത്തി നടത്താൻ സാധിച്ചില്ല.
ചിത്രം : മില്ലുമുക്ക് – വെള്ളച്ചിമൂല റോഡിൽ തകർന്നയിടങ്ങളിൽ ഒന്ന്