October 22, 2024

ഇൻഷുറൻസ് ഇല്ലാത്ത വാഹനം അപകടത്തില്‍പ്പെട്ടാൽ വണ്ടി തിരികെ കിട്ടില്ല : നിയമം കടുപ്പിച്ച് എം.വി.ഡി

Share

 

തിരുവനന്തപുരം : ഇൻഷുറൻസ് ഇല്ലാത്ത വണ്ടി നിരത്തിലിറക്കുമ്ബോള്‍ സൂക്ഷിക്കുക. അപകടത്തില്‍ പെട്ടാൻ പിന്നെ വണ്ടി തിരികെ കിട്ടില്ല. ഇൻഷുറൻസ് ഇല്ലാത്ത വാഹനം അപകടത്തില്‍പെട്ടാല്‍ നടപടി കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനം എടുത്തതിന്റെ ഭാഗമായാണ് തീരുമാനം. നിയമ ലംഘകർക്കെതിരെ കർശന നടപടിയെടുക്കാൻ ആർ ടി ഒമാർക്കും സബ് ആർ ടി ഒമാർക്കും നിർദേശം നല്‍കിയിട്ടുണ്ട്.

 

ഈ നിർദ്ദേശങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് ഗതാഗത കമ്മീഷണർ സർക്കുലർ ഇറക്കിയിരിക്കുകയാണ്. 1988 ലെ മോട്ടോർ വാഹന നിയമം വകുപ്പ് 146,196 എന്നിവ പ്രകാരവും കെ എം വി ആർ 391 എ പ്രകാരവും ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിയമ ലംഘനമാണ് എന്ന് പറയുന്നു. മൂന്ന് മാസം തടവോ 2000 രൂപ പിഴയോ ചുമത്താവുന്ന കുറ്റമാണ് ഇത്. അപകടത്തില്‍ പെട്ട വാഹനത്തിന് ഇൻഷുറൻസ് ഇല്ലെങ്കില്‍ പോലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒയെ അറിയിക്കണം.

 

തുടർന്ന് ആ കുറ്റത്തിനുള്ള ചാർജ് കൂടി ചാർജ് ഷീറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് നിർദേശിക്കാനും ചട്ടം പറയുന്നു. ഇതിനായി രേഖാമൂലം തന്നെ ആർടിഒ നടപടികള്‍ സ്വീകരിക്കണമെന്നും ഗതാഗത കമ്മീഷണർ സി എച്ച്‌ നാഗരാജു സർക്കുലറില്‍ പറയുന്നുണ്ട്. അപകടം സംബന്ധിച്ച വിവരം കൃത്യമായി ഇ ഡാർ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തണമെന്നും സർക്കുലറില്‍ പ്രത്യേകം പരാമർശിക്കുന്നു. ഇൻഷുറൻസ് ഇല്ലാതെ അപകടത്തില്‍ പെടുന്ന വാഹനം വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതി നിർദേശവും നിലവിലുണ്ട്.

 

ഇൻഷുറൻസ് ഇല്ലാത്ത വാഹനം അപകടത്തില്‍ പെട്ടാല്‍ ഉടമസ്ഥന് വാഹനം നഷ്ടമാകുന്ന നിയമം പണ്ടേ ഉണ്ടായിരുന്നു. നഷ്ടപരിഹാരം അടച്ചില്ലെങ്കില്‍ അപകടത്തില്‍ പെടുന്ന വാഹനം ഏറ്റെടുത്ത് മൂന്ന് മാസത്തിനകം ലേലം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന തരത്തില്‍ നിയമത്തില്‍ മാറ്റം വരുത്തി സർക്കാർ പുതിയ ഉത്തരവ് ഇറക്കിയത് 2018-ലാണ്.

 

അപകടത്തില്‍ പെടുന്ന ഭൂരിഭാഗം വാഹനങ്ങളും ഇൻഷുറൻസ് പുതുക്കാത്തവയാണെന്ന വിവരം ആ സമയത്ത് പുറത്തു വന്നിരുന്നു. ഇതിനെ തുടർന്നുള്ള സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമം കൂടുതല്‍ കർശനമാക്കിയത്.

 

നിയമം ഇങ്ങനെ

 

മോട്ടോർ വാഹന നിയമം അനുസരിച്ച്‌, റോഡുകളില്‍ ഓടുന്ന എല്ലാ വാഹനങ്ങള്‍ക്കും വാഹന ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. പോളിസി ഉടമക്ക് അടിസ്ഥാന തേർഡ് പാർട്ടി ഇൻഷുറൻസ് പരിരക്ഷ നിർബന്ധമായും ഉണ്ടായിരിക്കണം. റോഡപകടങ്ങളും അശ്രദ്ധമായി വാഹനമോടിക്കുന്നതും കുറയ്ക്കുന്നതിന്, സർക്കാർ 2019-ല്‍ മോട്ടോർ വാഹന നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തിയിരുന്നു. വാഹനം സ്വന്തമായുള്ള എല്ലാവരും മോട്ടോർ ഇൻഷുറൻസ് പോളിസി ഡോക്യുമെൻറ് കരുതണം. പോളിസി ഡോക്യുമെൻറ് ഇല്ലാത്ത വ്യക്തിക്ക് 2,000 രൂപ വരെ പിഴ ചുമത്താം.

 

ഇൻഷുറൻസ് ഇല്ലാത്തതിന് പോലീസ് പിടിച്ചാല്‍….

 

നിർദ്ദിഷ്ട ബൂത്തുകളില്‍ വാഹനം നിർത്തണം

വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഡ്രൈവിംഗ് ലൈസൻസും കാണിക്കണം.

ഈ ഡോക്യുമെൻറുകള്‍ കാണിക്കാൻ കഴിഞ്ഞില്ലെങ്കില്‍ അധിക പിഴ നല്‍കേണ്ടി വരും

ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കുന്നതിനുള്ള പിഴയില്‍ ഉടൻ തന്നെ ചലാൻ നല്‍കുന്നതാണ്. ചലാൻ തുക ഓണ്‍ലൈനിലും ഓഫ്‌ലൈനിലും അടയ്ക്കാം


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.