October 22, 2024

വാഹനം പൊളിക്കുന്നതിന് അനുമതി തേടണം : ആർ.സി റദ്ദാക്കണം, കര്‍ശന നിര്‍ദേശവുമായി എം.വി.ഡി

Share

 

വാഹനം പൊളിക്കുന്നതിനുമുമ്പ് അനുമതിവാങ്ങണമെന്ന് മോട്ടോർവാഹന വകുപ്പിന്റെ കർശന നിർദേശം. അനുമതിക്കും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കാനുമായി അപേക്ഷ നല്‍കണമെന്നും പൊളിച്ചശേഷം എ.എം.വി.ഐ.പരിശോധിച്ച്‌ മുൻ പിഴയടക്കമുള്ളവ അടച്ചുതീർത്ത് ആർ.സി. റദ്ദാക്കി എന്ന് ഉറപ്പാക്കണമെന്നുമാണ് നിർദേശം.

 

പൊളിക്കാനായി കൈമാറുകയും എന്നാല്‍, ആർ.സി. റദ്ദാക്കാത്തതുമായ സാഹചര്യം കൂടുന്നതിനാലാണ് വകുപ്പ് സാമൂഹിക മാധ്യമത്തിലൂടെയുള്‍പ്പെടെ ബോധവത്കരണം നടത്തുന്നത്. പൊളിക്കാൻ നല്‍കുന്ന വാഹനം ഉടമയറിയാതെ പുനരുപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കാൻകൂടിയാണിത്.

 

വാഹനം പഴക്കംമൂലവും അപകടത്തില്‍പ്പെട്ടും ഉപയോഗശൂന്യമാകുമ്ബോള്‍ പൊളിക്കാറുണ്ട്. ആർ.സി. റദ്ദാക്കാതെ പൊളിക്കാനായി വാഹനം കൈമാറുമ്ബോള്‍ വാഹനത്തിന്റെ രേഖകള്‍ നിലനില്‍ക്കും.

 

വാഹനം പൊളിക്കാതെ തകരാറുകള്‍ പരിഹരിച്ച്‌ പുനരുപയോഗിക്കപ്പെട്ടേക്കാം. ഇത്തരം വാഹനം കച്ചവടംചെയ്യപ്പെടുകയും മോഷണമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്. പിന്നീട് പിടിക്കപ്പെടുമ്ബോള്‍ ആർ.സി. റദ്ദാക്കാത്തതുമൂലം വാഹനയുടമ ഈ കുറ്റകൃത്യത്തില്‍ കുടുങ്ങുന്ന സ്ഥിതിവരും.

 

പൊളിച്ച വാഹനത്തിന്റെ എൻജിനോ ഷാസിയോ മറ്റൊരുവാഹനത്തില്‍ ഘടിപ്പിച്ചും ഉപയോഗപ്പെട്ടേക്കാം. പിടിക്കപ്പെട്ടാല്‍ എൻജിൻ, ഷാസി നമ്ബർ മുഖാന്തരവും ഉടമയ്ക്കെതിരേ നടപടി വന്നേക്കാം. കുറ്റകൃത്യങ്ങള്‍ക്കല്ലാതെ നിരീക്ഷണ ക്യാമറകളിലെ നിയമലംഘനങ്ങള്‍ക്കുള്ള പിഴയായും സന്ദേശങ്ങളെത്താനിടയുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാനായാണ് പൊളിക്കുന്നതിനായി അടുത്തുള്ള മോട്ടോർവാഹനവകുപ്പ് ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് നിർദേശമുള്ളത്. പൊളിച്ചശേഷവും പരിശോധനയ്ക്ക് വിധേയമാക്കി പരിവാഹനിലുള്‍പ്പെടെ ആർ.സി. റദ്ദായെന്ന് ഉറപ്പാക്കണമെന്നും അധികൃതർ പറയുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.