പനമരത്ത് മൂവർ സംഘത്തിൻ്റെ ഗുണ്ടാ വിളയാട്ടം

പനമരം : പനമരം ടൗണിലെ വ്യാപാര സ്ഥാപനത്തിലും വീടുകളിലും മൂവർ സംഘത്തിൻ്റെ ഗുണ്ടാ വിളയാട്ടം. തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം. പനമരം ഹൈസ്കൂൾ റോഡരികിലെ സ്ഥാപനത്തിൽ എത്തിയ സംഘം സിഗരറ്റ് ചോദിച്ചു. സ്കൂൾ പരിസരമായതിനാൽ ഇല്ലെന്ന് കടയുടമ പറഞ്ഞു. ഇതിൽ പ്രകോപിതരായ സംഘം കടയിലെ മിഠായി കുപ്പികൾ റോഡിലേക്ക് എറിഞ്ഞു തകർക്കുകയും, കടയുടമയെ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ചു ഗുരുതര പരിക്കേല്പിക്കുകയും ചെയ്തു. സമീപവാസികൾ എത്തിയതോടെ കടന്നുകളഞ്ഞ ഇവർ ടൗണിലെ ഒരു കാറിൻ്റെ ചില്ല് തകർക്കാനും ശ്രമം നടത്തി. തുടർന്ന്
പനമരം പഴയ നടവയൽ റോഡിലൂടെ ചാലിൽ ഭാഗത്തെത്തി. മണന്തല ഹബീബിൻ്റെ വീട്ടിൽ അതിക്രമിച്ച് കയറാൻ നോക്കി. വീടിന്റെ ജനാലകൾ തകർക്കുകയും, കൊലവിളി നടത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ശേഷം മേച്ചേരി ഭാഗത്തും സമാന സംഭവങ്ങളുണ്ടായതായി നാട്ടുകാർ പറഞ്ഞു.
സംഭവത്തിൽ പനമരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി.സി ടിവിയും മറ്റും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വെള്ളമുണ്ട സ്വദേശികളായ യുവാക്കളാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസിന് ലഭിച്ച സൂചന. അക്രമികൾ മയക്കുമരുന്നിൻ്റെ ലഹരിയിലാണ് പനമരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ചിത്രം : മൂവർ സംഘം തകർത്ത മണന്തല ഹബീബിൻ്റെ ജനാലകൾ.