ഹജ്ജ് : കേരളത്തിൽനിന്ന് ഇക്കുറി 14,594 പേർക്ക് അവസരം

ന്യൂഡൽഹി : കേരളത്തിൽനിന്ന് ഹജ്ജിന് പോകാൻ ഹജ്ജ് കമ്മിറ്റി വഴി 14,594 പേർക്ക് അവസരം ലഭിച്ചതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുള്ളക്കുട്ടി. കേരളത്തിൽനിന്ന് ഇത്തവണ 20,636 പേരാണ് ഹജ്ജിന് പോകാൻ അപേക്ഷിച്ചത്. ഗുജറാത്തിൽനിന്നാണ് ഏറ്റവുമധികം ഹജ്ജ് തീർഥാടകർ അപേക്ഷ നൽകിയത്.
ഹജ്ജ് തീർഥാടനത്തിന് 2025-ലേക്കുള്ള സർക്കാർ ക്വാട്ടയിൽ പോകുന്ന ഹജ്ജ് തീർഥാടകരുടെ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായി. ഡൽഹിയിലെ ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ ഓഫീസിൽ ഹജ്ജ് തീർഥാടകരെ തിരഞ്ഞെടുക്കാനുള്ള ഡിജിറ്റൽ റാൻഡം സെലക്ഷൻ (ഖുറാ) നാഷണൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ ഉദ്ഘാടനംചെയ്തു.
യോഗ്യരായ 1,51,981 അപേക്ഷകരിൽ 1,22,518 അപേക്ഷകരെ തിരഞ്ഞെടുത്തു. ജനസംഖ്യയ്ക്ക് ആനുപാതികമായി അനുവദിച്ച ക്വാട്ടയിൽ 12 സംസ്ഥാനങ്ങളിൽ അപേക്ഷകർ അനുവദിച്ച ക്വാട്ടയേക്കാൾ കുറവായിരുന്നു. ഏറ്റവും കുറവ് അപേക്ഷ ലഭിച്ചത് കേന്ദ്രഭരണപ്രദേശമായ ദാമൻ ആൻഡ് ദിയുവിൽനിന്നാണ്. 27 പേരാണ് ഇവിടെ നിന്നും അപേക്ഷിച്ചത്. ഈവർഷം 65 വയസ്സ് കഴിഞ്ഞ 14,728 ഹജ്ജ് തീർഥാടകരെയും ആൺ തുണയില്ലാതെ (‘മെഹ്റ’ യില്ലാതെ) പോകുന്ന 3717 തീർഥാടകരെയുമാണ് തിരഞ്ഞെടുത്തത്.
രേഖകൾ 28-നകം നൽകണം
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് തിരഞെഞ്ഞെടുക്കപ്പെട്ടവർ മുൻകൂർ തുകയും പ്രോസസിങ് ചാർജും ഉൾപ്പെടെ ആദ്യ ഗഡുവായി ഒരാൾക്ക് 1,30,800 രൂപ ഒക്ടോബർ 28-നകം നൽകണം. ഓൺലൈനായോ, ഹജ്ജ് കമ്മിറ്റി വെബ് സൈറ്റിൽ പ്രത്യേകം ലഭിക്കുന്ന പേ- ഇൻ സ്ലിപ്പ് ഡൗൺ ലോഡ് ചെയ്ത് എസ്.ബി.ഐ. അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ശാഖയിലോ പണമടച്ച് അതിന്റെ സ്ലിപ്പും അനുബ ന്ധരേഖകളുമാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് നൽകേണ്ടത്. ഹജ്ജിന് ആകെ അടക്കേണ്ട സംഖ്യ വിമാന ചാർജ്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കിയശേഷം കേന്ദ്ര ഹജ്ജ് കമ്മിറ്റി പിന്നീട് അറിയിക്കും.